
അരിസോണ: കൂളർ നിറയെ മരവിപ്പിച്ചു സൂക്ഷിച്ച ജനനേന്ദ്രിയങ്ങൾ, ബക്കറ്റുനിറയെ തലയും കൈകാലുകളും, കൂട്ടിയിട്ട നിലയില്‍ ശരീരഭാഗങ്ങൾ, പുരുഷശരീരത്തിൽ തുന്നിച്ചേർത്ത സ്ത്രീയുടെ തല. യു.എസിലെ അരിസോണയിലുള്ള അവയവദാനകേന്ദ്രത്തില് തങ്ങള്‍ക്ക് കാണേണ്ടി വന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് എഫ്.ബി.ഐ. അന്വേഷണസംഘത്തിന്റെ വിവരണമാണ് ഇത്.
2755 ശരീരഭാഗങ്ങൾ ഇത്തരത്തിൽ സെന്ററിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടിലുള്ളത്. മൃതദേഹങ്ങളിൽ ചിലത് യു.എസ്. സൈന്യത്തിന് ബോംബ് പരീക്ഷണത്തിനായി നൽകിയെന്ന വെളിപ്പെടുത്തല്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുഴിബോംബുകൾ മനുഷ്യശരീരത്തിൽ എങ്ങനെ ബാധിക്കുന്നു എന്ന പരീക്ഷണത്തിനായിരുന്നു ഇവ ഉപയോഗിച്ചത്.
യു.എസിലെ അരിസോണയിലുള്ള ബയോളജിക്കൽ റിസർച്ച് സെന്ററിൽ (ബി.ആർ.സി.) ശരീരഭാഗങ്ങൾ അനധികൃതമായി വിൽപ്പന നടത്തുന്നുവെന്ന് പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലെ കാഴ്ചകള്‍ മരവിപ്പിച്ചു കളഞ്ഞെന്നും ഇപ്പോഴും അതില്‍ നിന്നും മുക്തമായിട്ടില്ലെന്നുമാണ് പരിശോധന നടത്തിയ എഫ്.ബി.ഐ. സംഘം കോടതിയില്‍ പറഞ്ഞത്. ശാസ്ത്രീയപരീക്ഷണങ്ങൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കണമെന്ന ഉറപ്പിന്മേൽ പല കുടുംബങ്ങളും വിട്ടുനൽകിയ മൃതദേഹങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് എഫ്ബിഐ ഉദ്യോഗസ്ഥരുടെ വിവരണം. മൃതദേഹം കൈമാറിയവര്‍ വിശ്വാസവഞ്ചനയ്ക്ക് സെന്ററിന്റെ നടത്തിപ്പുകാരന്റെ പേരിൽ കേസ് നല്‍കിയിരിക്കുകയാണ്.
ഓരോ ശരീരഭാഗത്തിനും പ്രത്യേകം വിലയിട്ടാണ് വിൽപ്പന നടത്തിയിരുന്നത്. ഒരു ഇറച്ചിക്കട പോലെ തോന്നിപ്പിക്കുന്ന അനുഭവമായിരുന്നു എന്നാണ് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതില്‍ നടക്കാനിരിക്കുന്ന വാദത്തിന് മുന്നോടിയായിട്ടാണ് കോടതി എഫ്.ബി.ഐ. സംഘത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്ന പലർക്കും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട് ചികിത്സിക്കേണ്ടി വന്നതായും മൊഴിയില്‍ പറയുന്നുണ്ട്.
2014-ൽനടന്ന പരിശോധനയെത്തുടർന്ന് ഇപ്പോൾ ബി.ആർ.സി. അടച്ചിട്ടിരിക്കുകയാണ്. 2015-ലാണ് ബന്ധുക്കൾ സ്ഥാപനത്തിന്റെ പേരിൽ കേസ് ഫയൽചെയ്തത്. 2015-ൽ ഉടമ സ്റ്റീഫൻ ഗോറിനെ ഒരുവർഷം തടവിനും നാലുവർഷം നല്ലനടപ്പിനും ശിക്ഷിച്ചിട്ടുണ്ട്.






