
ന്യൂഡല്‍ഹി: സ്വര്‍ണ്ണാഭരണ വിഭൂഷിതനായി പതിവായി കന്‍വര്‍യാത്ര നടത്തുന്നതിലൂടെ പ്രശസ്തനായ 'സ്വര്‍ണ്ണ ബാബ' സന്യാസി സുധീര്‍ മക്കാര്‍ ഇത്തവണത്തെ യാത്രയില്‍ അണിയുന്ന സ്വര്‍ണ്ണാഭരണത്തില്‍ കുറവ് വരുത്തും. ഇത്തവണ ഇരുപത്തിയാറാം കന്‍വര്‍ യാത്ര നടത്തുമ്പോള്‍ മക്കാര്‍ വെറും 14 കിലോ സ്വര്‍ണ്ണം മാത്രമേ അണിയൂ. കഴിഞ്ഞ വര്‍ഷം 20 കിലോ സ്വര്‍ണ്ണം ശരീരത്ത് ഏന്തിയ മക്കാര്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്വര്‍ണ്ണാഭരണങ്ങളുടെ എണ്ണം കുറച്ചത്.
ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 25 ാമത്തെ യാത്ര പൂര്‍ത്തിയായപ്പോള്‍ തന്നെ അത് തന്റെ അവസാനത്തെ കന്‍വര്‍ യാത്രയായി മക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ തീരുമാനം മാറ്റി. ശിവന്റെ അനുഗ്രഹം കൊണ്ട് 26 ാമത്തെ യാത്ര ഒഴിവാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ അണിയുന്ന സ്വര്‍ണ്ണത്തിന്റെ അളവ് കുറച്ചു. ഏകദേശം 14 കിലോ മാത്രമാണ് അണിഞ്ഞതെന്ന് മക്കാര്‍ പറയുന്നു.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങള്‍ വഴി കടന്നുപോകുന്ന യാത്രയില്‍ അകമ്പടിക്കാരുടെ സംരക്ഷണയില്‍ എസ്യുവിയിലാണ് ബാബ യാത്ര നടത്തുന്നത്. 21 ക്യാരറ്റ് വരുന്ന തന്റെ സ്വര്ണ്ണമാലകളെല്ലാം ഡല്‍ഹിയിലെ വമ്പന്‍ ജൂവലറികളില്‍ നിന്നുള്ളതാണെന്നും ഓരോന്നും 500 മുതല്‍ 750 ഗ്രാം വരെ തൂക്കമുള്ളതാണെന്നും ബാബ പറയുന്നു. 21 ലധികം ദേവീ ദേവന്മാരുടെ സ്വര്‍ണ്ണ ലോക്കറ്റും മാലയിലുണ്ട്. കയ്യില്‍ അണിഞ്ഞിരിക്കുന്ന അര കിലോയോളം വരുന്ന കൈവളയ്ക്കും റോളക്സ് വാച്ചിനും മാത്രം ഏകദേശം 27 ലക്ഷമാണ് മതിപ്പുവില.
1972 ല്‍ സ്വര്‍ണ്ണത്തിന് അത്ര വിലയില്ലാതിരുന്ന കാലത്താണ് ബാബയുടെ സ്വര്‍ണ്ണഭ്രമം തുടങ്ങിയത്. അന്ന് 40 ഗ്രാം സ്വര്‍ണ്ണം സമ്പാദിച്ചതിലൂടെ യാണ് സ്വര്‍ണ്ണത്തോടുള്ള ഭ്രമം മക്കാറിന് തുടങ്ങിയത്. പിന്നീട് അത് പതിയെ വര്‍ദ്ധിച്ചു വന്നു. സ്വര്‍ണ്ണത്തിന് പുറമേ കാറുകളോടുമുള്ള ഭ്രമം കൊണ്ട് എട്ട് കാറുകളാണ് വാങ്ങിയത്. ഇവ തന്റെ ഘോഷയാത്രയ്ക്കും ഉപയോഗിക്കുന്നു. കന്‍വര്‍ യാത്രയില്‍ ജനത്തിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയാറുണ്ടെന്നും വലിയൊരു വിഭാഗവും വരുന്നത് തന്റെ ഘോഷയാത്ര കാണാനാണെന്നും ഇദ്ദേഹം പറയുന്നു.
കടന്നുപോകുന്ന ഓരോ സംസ്ഥാനങ്ങളിലെയും പോലീസിന് പുറമേ സ്വന്തമായി ബോഡിഗാര്‍ഡുകളും കന്‍വര്‍ യാത്രയില്‍ സ്വര്ണ്ണബാബയ്ക്കുണ്ട്. ആത്മീയതയിലേക്ക് തിരിയും മുമ്പ് ഡല്‍ഹിയിലെ ഗാന്ധിനഗര്‍ മാര്‍ക്കറ്റില്‍ തുണിക്കടയും വസ്തുക്കച്ചവടവും മക്കാര്‍ നടത്തിയിരുന്നു. 'ബിട്ടു' എന്ന ബ്രാന്‍ഡ് നെയിമില്‍ ഡെനിം ജീന്‍സ്, ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍ എന്നിവയിലായിരുന്നു ബിസിനസ് ആരംഭിച്ചത്. ഇപ്പോള്‍ ബിസിനസെല്ലാം അവസാനിപ്പിച്ച് തന്റെ വസ്തു വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. വന്‍ വിലയുള്ള ഇന്ദിരാപുരത്തെ ആഡംബരഫ്ളാറ്റിലാണ് മാക്കാര്‍ താമസിക്കുന്നത്.






