
ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടയില്‍ കാണാതാകും മുമ്പ് സ്വന്തം ജീവനക്കാര്‍ക്ക് അയച്ച കത്ത് പുറത്ത്. സാമ്പത്തീക പ്രതിസന്ധിയും ബിസിനസ് തകര്‍ച്ചയുമാണ് അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
സിദ്ധാര്‍ത്ഥയ്ക്ക് 7000 കോടിയുടെ കടബാദ്ധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. കത്തില്‍ സാമ്പത്തീക ബാദ്ധ്യതയെക്കുറിച്ച് സിദ്ധാര്‍ത്ഥ കൃത്യമായി സൂചന നല്‍കിയിട്ടുണ്ട്. തന്നില്‍ വിശ്വസിച്ച എല്ലാവരോടും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. താനൊരു പരാജിതനായ വ്യവസായിയാണ്. ദീര്‍ഘകാലമായി പിടിച്ചു നില്ക്കാന് പാടുപെടുകയാണ്. ഷെയറുകള്‍ തിരിച്ചു വാങ്ങാനുള്ള പങ്കാളിയുടെ സമ്മര്‍ദ്ദം അധികകാലം പിടിച്ചു നില്ക്കാന് കഴിയുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടിട്ടും ബിസിനസ് ലാഭകരമാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നും ആരേയും വഞ്ചിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും കടം വാങ്ങിയവരില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്.
ഒരു മൂന് ആദായ നികുതി വകുപ്പില്‍ നിന്നും നേരിട്ട അപമാനത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ എല്ലാ പണമിടപാടുകളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആത്മഹത്യയാണെന്ന സാധ്യതയിലാണ് പോലീസ് എത്തിയിരിക്കുന്നത്. കര്‍ണാടക ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നേത്രാവദി നദിയില്‍ തെരച്ചില്‍ തുടരുകയാണ്.
ബിസിനസ് ട്രിപ്പ് എന്ന പേരില്‍ ചിക്കമംഗളൂരുവിലേക്കു പോയ സിദ്ധാര്‍ത്ഥ തിരികെ വരുന്നതിനിടെ മംഗലാപുരത്ത് അടുത്ത് ഉള്ളാള്‍ പാലത്തില്‍ വച്ച് ഇന്നോവ കാറില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു. ഇദ്ദേഹം പാലത്തില്‍ നിന്നും നദിയിലേക്ക് ചാടിയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. കാണാതായ പാലത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മാത്രമാണ് നദിയും കടലും തമ്മില്‍ ചേരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതി ചെയ്യുന്ന വ്യവസായിയായ സിദ്ധാര്‍ത്ഥയുടെ ഓഫീസില്‍ 2017 സെപ്റ്റംബറില്‍ പരിശോധന നടത്തിയിരുന്നു. 130ഓളം വര്‍ഷമായി കാപ്പി കയറ്റുമതി ചെയ്യുന്നു കുടുംബപാരമ്പര്യത്തില്‍ നിന്നാണ് സിദ്ധാര്‍ത്ഥ കഫേ കോഫി ഡേ തുടങ്ങിയത്.






