
മുന്‍ തലമുറ ജാസ്, സിറ്റി, സിആര്‍-വി, സിവിക്, അക്കോര്‍ഡ് മോഡലുകള്‍ ഹോണ്ട ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. തകരാറ് കണ്ടെത്തിയ തകാത്തയുടെ ഫ്രണ്ട് എയര്‍ബാഗ് ഇന്‍ഫ്ളേറ്ററുകള്‍ മാറ്റിസ്ഥാപിക്കും. അഞ്ച് മോഡലുകളുടേതായി ആകെ 5,088 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യയില്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ഹോണ്ടയുടെ ആഗോള തിരിച്ചുവിളിക്കല്‍ കാംപെയ്ന്റെ ഭാഗമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രഖ്യാപനം.
തിരിച്ചുവിളി ബാധിച്ച കാറുകളുടെ ഉടമകളുമായി കമ്പനി അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. വെബ്സൈറ്റില്‍ 17 അക്ക വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്കിയാല് തങ്ങളുടെ കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയും. അല്ലെങ്കില്‍ തൊട്ടടുത്ത ഹോണ്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചാല്‍ മതി. തകരാറ് കണ്ടെത്തിയ ഫ്രണ്ട് എയര്‍ബാഗ് ഇന്‍ഫ്ളേറ്ററുകള്‍ ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നാണ് സൂചന .
2007-2013 കാലഘട്ടത്തില്‍ നിര്‍മ്മിച്ച 2,099 യൂണിറ്റ് ഹോണ്ട സിറ്റിയും 2003-2008 കാലയളവിലും 2011 ലും നിര്‍മ്മിച്ച 2,577 യൂണിറ്റ് ഹോണ്ട സിആര്‍-വിയുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2003 ല്‍ നിര്‍മ്മിച്ച 350 യൂണിറ്റ് ഹോണ്ട അക്കോര്‍ഡ്, 2006-2008 കാലഘട്ടത്തില്‍ നിര്‍മ്മിച്ച 52 യൂണിറ്റ് ഹോണ്ട സിവിക്, 2009-2012 കാലയളവില്‍ നിര്‍മ്മിച്ച 10 യൂണിറ്റ് ഹോണ്ട ജാസ് എന്നിവയും തിരിച്ചുവിളിച്ചു.






