
ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് അവതാര്‍. ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് അവതാര്‍ എന്ന പേര് നിര്‍ദ്ദേശിച്ചത് താനാണെന്ന് ബോളിവുഡ് താരം ഗോവിന്ദ പറഞ്ഞിരുന്നു. ആപ് കി അദാലത്ത് എന്ന ടെലിവിഷന്‍ ഷോയ്ക്കിടെയായിരുന്നു അവതാര്‍ സിനിമയുമായി ബന്ധപ്പെട്ട താരത്തിന്റെ തുറന്നു പറച്ചില്. ഇതിന് സോഷ്യല്‍ മീഡിയയില്‍ ഗോവിന്ദയ്ക്കെതിരെ ട്രോള്‍ ആക്രമണം ശക്തമായിരുന്നു. ഇപ്പോള്‍ ഈ ട്രോളുകള്‍ക്ക് മറുപടിയുമായി താരം തന്നെ രംഗത്ത് എത്തി.
'' അവതാര്‍ എന്ന പേര് ഞാന്‍ നിര്‍ദേശിച്ചതാണ്. അത് സൂപ്പര്‍ഹിറ്റായി. അങ്ങനെയാവുമെന്നും ഞാന്‍ ജയിംസ് കാമറൂണിനോട് പറഞ്ഞിരുന്നു. ഏഴു വര്‍ഷമെടുക്കും ഈ പ്രോജക്ട് പൂര്‍ത്തിയാക്കാനെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞപോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ഹിറ്റായതും. സിനിമയില്‍ എനിക്കൊരു റോളും കാമറൂണ്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അതിനു വേണ്ടി ദേഹത്തു മുഴുവന്‍ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. എനിക്കു പറ്റില്ലെന്നു പറഞ്ഞു.'' - ഗോവിന്ദ ടെലിവിഷന്‍ ഷോയില്‍ ഇങ്ങനെയാണ് പറഞ്ഞത്.
തുടര്‍ന്ന് ഗോവിന്ദയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗോവിന്ദയുടേത് വെറും 'തളളല്' മാത്രമാണോ എന്നും ജയിംസ് കാമറൂണിനെപ്പോലെ ലോകപ്രശസ്തനായൊരു സംവിധായകന് ഗോവിന്ദയെ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുമോ എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ സംശയ ചര്‍ച്ച. ചുംബന രംഗമുള്ളതിനാല്‍ രാഖി സാവന്ത് ഗ്ലാഡിയേറ്റര്‍ സിനിമ നിരസിച്ചുവെന്നും സല്മാന് ഖാന് ഫിസിക്സിന് നോബല്‍ സമ്മാനം ലഭിച്ചുവെന്നുമൊക്കെ പറയുന്നതുപോലെയാണ് ഗോവിന്ദയുടെ ഈ വെളിപ്പെടുത്തലെന്നും ട്രോളന്മാര് പറഞ്ഞു. ഈ ചര്‍ച്ചകള്‍ക്കാണ് ഗോവിന്ദ മറുപടിയുമായി എത്തിയത്.
'' ഗോവിന്ദയെപ്പോലൊരൊള് കാമറൂണിന്റെ ചിത്രം നിരസിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ അമ്പരക്കും. ഇവരൊക്കെ എവിടെ നിന്നു വരുന്നവരാണെന്നും എനിക്ക് അറിയാം. ആളുകളുടെ ചിന്തയെ ബഹുമാനിക്കുന്നു. അവര്‍ക്ക് അഭിപ്രായവും പറയാം. എന്നാല്‍ ഗോവിന്ദയ്ക്ക് എങ്ങനെ ഈ ഓഫര്‍ കിട്ടി എന്നു കടന്നുചിന്തിക്കുന്നത് മോശമാണ്. ആളുകള്‍ മുന്‍വിധിയോടു കൂടിയാണ് ഈ സംഭവത്തെ കാണുന്നത്. എനിക്ക് അതിന് അര്‍ഹതയില്ലെന്ന പോലെയാണ് ചിലരുടെ സംസാരം. ചായക്കടക്കാരന് എങ്ങനെ വലിയ ആളാകുന്നു, ടിവി താരങ്ങള്‍ എങ്ങനെ സിനിമയിലെത്തുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ട. എന്നാല്‍ ഇതുപോലെയുള്ള പരിഹാസങ്ങള്‍ ഒഴിവാക്കണം. - തനിക്കെതിരായ ട്രോളുകളെ കുറിച്ച് ഗോവിന്ദ പറഞ്ഞു.






