
ബോളിവുഡ് താരം രൺവീർ സിംഗിന്റെ 41-ാം ജന്മദിനത്തിൽ ആശംസകളുമായി നടൻ അർജുൻ രാംപാൽ. 'ധുരന്ധർ' എന്ന സ്പൈ-ആക്ഷൻ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അർജുൻ തന്റെ സുഹൃത്തിന് ആശംസകൾ നേർന്നത്.
"ഹാപ്പി ബർത്ത്‌ഡേ ഷേർ, ഇനിയും മികച്ച ഓർമ്മകളും പ്രകടനങ്ങളും വിജയങ്ങളും സ്നേഹവും ഐസ് ബാത്തുകളും ചിരികളും ആഘോഷങ്ങളും ഉണ്ടാകട്ടെ. വരാനിരിക്കുന്ന വർഷം ഗംഭീരമാകട്ടെ. വലിയ സ്നേഹവും കെട്ടിപ്പിടിത്തവും" എന്നാണ് പോസ്റ്റിനൊപ്പം അർജുൻ കുറിച്ചത്.
രൺവീറിന്റെ ചിത്രത്തിലെ പ്രകടനത്തിന്റെ ക്ലിപ്പുകളും, സെറ്റിൽ ഇരുവരും ഒന്നിച്ചിരുന്ന് ചിരിക്കുന്നതുമായ ദൃശ്യങ്ങളും കുറിപ്പിനൊപ്പം അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അർജുന്റെ പങ്കാളി ഗബ്രിയേല ഡെമെട്രിയേഡ്സും പോസ്റ്റിന് താഴെ ആശംസകളുമായെത്തി.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' (2025), 'ധുരന്ധർ: ദി റിവഞ്ച്' (2026) എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിൽ ജസ്കിരത് സിങ് രംഗി എന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനായി രൺവീർ എത്തിയപ്പോൾ, മേജർ ഇഖ്ബാൽ എന്ന ശക്തമായ വില്ലൻ കഥാപാത്രത്തെയാണ് അർജുൻ രാംപാൽ അവതരിപ്പിച്ചത്.






