
ന്യുഡല്‍ഹി: ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ ഡല്‍ഹിയിലെ വിചാരണ കോടതി കുറ്റം ചുമത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സെംഗാറിന്റെ അനുയായി സാക്ഷി സിംഗിനെതിരെയും ജഡ്ജി ധര്‍മേഷ് ശര്‍മ്മ കുറ്റം ചുമത്തി. 2017ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ജോലി തേടി കുല്‍ദീപിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി അവിടെ വച്ചും പിന്നീട് തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്വച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. ബംഗരമു എം.എല്‍.എ ആയ സെംഗാറിനെ ബി.ജെ.പി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ലഖ്നൗവിലെ കോടതിയില്‍ നിന്നും സുപ്രീം കോടതിയാണ് കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയത്. ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ റായ്ബറേലിയില്‍ അപകടത്തില്‍പെട്ട് രണ്ട് കുടുംബാംഗങ്ങള്‍ മരിക്കുകയും പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ആകുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ കുല്‍ദീപ് സിംഗ് നടത്തിയ നീക്കമാണ് അപകടമെന്ന ആരോപണം ഉയര്‍ന്നതോടെ കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അപകടമുണ്ടാക്കിയതിലും കുല്‍ദീപിനെതിരെ കേസെടുത്തിട്ടുണ്ട്.
ഐ.പി.സി 120ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, 363 (തട്ടിക്കൊണ്ടുപോകല്‍ ), 366 (വിവാഹത്തിന് നിര്‍ബന്ധിച്ച് കടത്തിക്കൊണ്ടുപോകല്‍), 376 (ബലാത്സംഗം), പോക്സോ വകുപ്പിലെ വിവിധ സെക്ഷനുകള്‍ എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. നിലവില്‍ തിഹാര്‍ ജയിലിലാണ് പ്രതികള്‍. വിചാരണ കണക്കിലെടുത്ത് ലക്നൗവില്‍ നിന്ന് തിഹാറിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, പെണ്‍കുട്ടിയുടെ പിതാവിനെതിരെ യു.പി പോലീസ് ആയുധ നിയമപ്രകാരം എടുത്ത കേസ് വ്യാജമായിരുന്നുവെന്ന് സി.ബി.ഐ സുപ്രീം കോടതിയെ ഇന്നലെ ധരിപ്പിച്ചു. ഇയാളെ കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ എം.എല്‍.എ കുല്‍ദീപും രണ്ടു പോലീസുകാരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. ഇയാള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റവും വ്യാജമാണ്. ഒരു നാടന്‍ തോക്കും നാല് തിരകളുമായി പിതാവിനെ കസ്റ്റഡിയിലെടുത്തു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ക്ക് തോക്ക് ഇല്ലെന്ന കാര്യം നിരവധി സാക്ഷികള്‍ വ്യക്തമാക്കിയതായി സി.ബി.ഐ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ പിതാവ് മരണമടയുകയായിരുന്നു.






