
ശരീരഭാരം കൂടുന്നതും കുറയുന്നതും സ്വഭാവികമാണ്. ഈ ഏറ്റക്കുറച്ചിലുകൾ ഒരുപോലെ വിമർശിക്കപ്പെടാറുമുണ്ട്. പ്രത്യേകിച്ച് സെലിബ്രിറ്റികൾ. അഴകളവുകളുടെ ഏറ്റക്കുറച്ചിലിനെ വിമർശിക്കുന്നവർക്കെതിരെ ക്യൂബൻ-അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ കാമിലോ കാബെല്ലോയാണ് രംഗത്ത് വന്നിരിക്കുന്നത്. ഫിഫ്ത്ത് ഹാർമണി എന്ന സംഗീത ട്രൂപ്പിലൂടെ ലോകപ്രശസ്തയായ താരമാണ് കാമിലോ.
'' പഴയ ചിത്രങ്ങൾ ഓൺലൈനിൽ കാണുമ്പോൾ പലർക്കും വല്ലാത്ത അരക്ഷിതത്വം തോന്നിയേക്കാം. ദൈവമേ, എന്റെ ശരീരം ഇങ്ങനെയാണോ എന്ന ചിന്തയായിരിക്കും ആദ്യമുണ്ടാകുക. വയറ്റിലും അരക്കെട്ടിലും കാലിലുമൊക്കെ അടിഞ്ഞുകൂടിയ കൊഴുപ്പ്. ശരീരം ഇങ്ങനെ മാറിപ്പോയോ എന്ന ചിന്ത. യഥാർഥത്തിൽ അങ്ങനെയാണെങ്കിൽ തന്നെ എന്ത്. അവയെക്കുറിച്ചൊന്നും അത്രമാത്രം ആശങ്കപ്പെടേണ്ട കാര്യമില്ല എന്നതാണ് യാഥാർഥ്യം.
അവയൊക്കെ മോശം ചിത്രങ്ങളാണ്. തെറ്റായ ആംഗിളുകളിൽ എടുത്ത ചിത്രങ്ങൾ. അവയാണു പ്രചരിപ്പിക്കുന്നത്. അവ പ്രചരിപ്പിച്ചിട്ട് തടി കൂടിയെന്നും പ്രായം കൂടിയെന്നും ശരീരം മോശമായെന്നും ഒക്കെ വിളിച്ചുപറയുകയാണ് ചെയ്യുന്നത്. എനിക്കൊരു ദുഃഖമേയുള്ളൂ. ഇത്തരം പ്രചാരണം സത്യമാണെന്നു വിശ്വസിക്കുന്നവരെക്കുറിച്ചോർത്ത്. പുതിയ തലമുറ എപ്പോഴും ഓൺലൈൻ ലോകത്താണ്. അവർ വളരുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്നതുമെല്ലാം ഓൺലൈൻ ആയിട്ടാണ്. അവർ തെറ്റായ പ്രചാരണങ്ങളിൽ വീണുപോകുമോ എന്നു മാത്രമാണ് എന്റെ പേടി.
സമൂഹമാധ്യമങ്ങളിലൂടെ വളർന്നുവരുന്ന എന്റെ ഇളയ സഹോദരി ഉൾപ്പെടെയുള്ളവർ. അവർ പൂർണതയെക്കുറിച്ചുള്ള സങ്കൽപങ്ങളിൽ വീണുപോയേക്കാം. ഫോട്ടോഷോപ്പ് ചെയ്ത, എഡിറ്റ് ചെയ്ത ചിത്രങ്ങളായിരിക്കും അവർ ദിവസവും കാണുന്നത്. പൂർണതയുടെ അഴകളവുകളുടെ സങ്കൽപങ്ങളിലേക്ക് സ്ത്രീശരീരത്തെ ഒതുക്കിയ ചിത്രങ്ങൾ. അവയൊക്കെ സത്യമാണെന്ന് അവർ വിശ്വസിക്കുകയും സ്വന്തം ശരീരത്തെ അതുമായി താരതമ്യപ്പെടുത്തുകയും ചെയ്താൽ എന്തായിരിക്കും സ്ഥിതി.
വ്യാജ ചിത്രങ്ങളും വ്യാജ സങ്കൽപങ്ങളും ഇന്നു യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള വ്യാജ സങ്കൽപങ്ങൾ പ്രചരിപ്പിക്കുകയും സത്യമാണെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട സഹോദരിമാരേ, കൊഴുപ്പ് ഒരു സത്യമാണ്. തടി വയ്ക്കുന്നത് ഒരു യാഥാർഥ്യമാണ്. സത്യത്തിൽ കൊഴുപ്പാണ് സൗന്ദര്യം. വണ്ണം കൂടുന്നതാണ് സ്വാഭാവികം. ജീവിതത്തിൽ ഒരിക്കലും ഞാൻ അഴകളവുകളുടെ തെറ്റായ സങ്കൽപങ്ങൾക്കു നിന്നുകൊടുക്കാറില്ല. തടി കൂടുമ്പോൾ കൂടിക്കോട്ടെ. കൊഴുപ്പടിയുമ്പോൾ അങ്ങനെയായിക്കോട്ടെ. അതിനെന്ത് ?'' - കാമില കാബെല്ലോ പറയുന്നു.






