
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്ത നടിയും ആക്ടിംഗ് കോച്ചുമായ കലൈറാണിക്ക് ജന്മദിനാശംസകൾ നേർന്ന് നടി സ്വാസിക വിജയ്. കലൈറാണിയുടെ കീഴിൽ അഭിനയം പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും കൃതജ്ഞതയും പങ്കുവെച്ചുകൊണ്ടാണ് സ്വാസിക സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.
"എന്റെ പ്രിയപ്പെട്ട കലൈറാണി മാമിന് ജന്മദിനാശംസകൾ. നിങ്ങളുടെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് അഭിമാനവും നന്ദിയുമുണ്ട്. മഹത്തായ ഒരു താരം, മികച്ച ഒരു ആക്ടിംഗ് കോച്ച്, അതിലുപരി മനോഹരമായ ഒരു വ്യക്തിത്വം. എല്ലാ ദിവസവും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി. നിങ്ങൾക്ക് ആയുരാരോഗ്യ സൗഖ്യവും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു," സ്വാസിക കുറിച്ചു.
തമിഴ് സിനിമയിലും നാടകവേദികളിലും മൂന്ന് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമാണ് കലൈറാണി. മുതൽവൻ, അയൻ, ബോയ്സ്, ദും ദും ദും, അൻപേ ശിവം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ അവരുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2002-ൽ പുറത്തിറങ്ങിയ 'കോടമ്പാക്കം' എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരവും അവർക്ക് ലഭിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ മികച്ചൊരു അഭിനയ പരിശീലക കൂടിയാണ് താരം.






