
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം സസ്പെന്‍ഡ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമനക്കുട്ടന് പണപ്പിരിവ് നടത്തിയത്. ആലപ്പുഴ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ ലോക്കല്‍ കമ്മറ്റിയംഗം ഓമനകുട്ടനാണ് കനത്ത വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയിട്ടുള്ളവരില്‍ നിന്നും പണപ്പിരിവ് നടത്തിയത്.
സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിയിനത്തിലാണ് പണപിരിവ് നടത്തിയത്. മുന്‍കാലങ്ങളിലും ഇങ്ങനെ തന്നെയെന്ന് പറഞ്ഞാണ് ഇയാള്‍ പിരിവു നടത്തിയത്. പുറത്തുനിന്നും ക്യാമ്പില്‍ എത്തിയ ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും ക്യാമ്പിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള വാഹനത്തിന്റെ വാടക എന്ന ഇനത്തിലാണ് പണപ്പിരിവ്. ദുരിതാശ്വാസ ക്യാമ്പിലെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നിരിക്കെയാണ് ഈ നിര്‍ബന്ധിത പിരിവ് നടത്തിയത്.






