
കോപ്പന്‍ഹേഗന്‍ : അരലക്ഷം പൗരന്മാരുള്ള ലോകത്തെ ഏറ്റവും വലിയ ദ്വീപ് വാങ്ങാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് ചുട്ടമറുപടി പറഞ്ഞ് ഗ്രീന്‍ലാന്റ്. 'ബിസിനസ് ചെയ്യാന്‍ വാതില്‍ തുറന്നിടാം. എന്നാല്‍ സ്വയം വില്പ്പനച്ചരക്കാകാനില്ല.' ഗ്രീന്‍ലാന്റിന്റെ വിദേശകാര്യ മന്ത്രി ആനി ലോണ്‍ ബാഗര്‍ ലോക മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗ്രീന്‍ലാന്റ് വാങ്ങാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മോഹം പരസ്യമായതോടെ ഗ്രീന്‍ലാന്റും ഡന്മാര്ക്കും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. യുറോപ്പില്‍ പെടുന്ന സ്കാന്‍ഡനേവിയന്‍ രാഷ്ട്രം ഡെന്മാര്ക്കിന് കീഴിലുള്ള സ്വതന്ത്രഭരണ പ്രദേശവുമായ ഗ്രീന്‍ലാന്റ് വാങ്ങാനുള്ള ചര്‍ച്ച ട്രംപ് സ്വകാര്യമായി നടത്തി എന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. സെപ്തംബറില്‍ ട്രംപ് ഡന്മാര്ക്കിലും ആര്‍ട്ടിക്കിലുമായി നടത്തുന്ന സന്ദര്‍ശനത്തില്‍ ഈ അജണ്ടയില്‍ ഡന്മാര്ക്കിന്റെയും ഗ്രീന്‍ലാന്റിന്റെയും പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട്.
ഗ്രീന്‍ലാന്റ് വാങ്ങാന്‍ ട്രംപ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് വാള് സ്ട്രീറ്റ് ജര്ണലായിരുന്നു. ആദ്യം തമാശയായിട്ടാണ് എല്ലാവരും ഇതിനെ എടുത്തത്. എന്നാല്‍ വൈറ്റ് ഹൗസ് ഗൗരവത്തിലാണെന്ന് കണ്ടതോടെയാണ് കളി കാര്യമായി. ഇതോടെ ഡന്മാര്ക്കിലെ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഇപ്പോള്‍ ട്രംപിനെതിരേ രംഗത്ത് വന്നു. '' ഇത് തെമ്മാടിത്തരമാണ്. ട്രംപ് വട്ടനാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമില്ല. 50,000 പൗരന്മാരെ ഡന്മാര്ക്ക് വില്‍ക്കുമെന്ന ചിന്ത അമേരിക്കയുടെ മുഷ്ക്ക് തന്നെ. '' ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയുടെ വിദേശകാര്യ വക്താവ് സോറന് എസ്പേഴ്സണ് പ്രതികരിച്ചു.
വടക്കന്‍ അറ്റ്ലാന്റിക്കിനും ആര്‍ട്ടിക്ക് സമുദ്രത്തിനും ഇടയില്‍ കിടക്കുന്ന സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്റ് ഡന്മാര്ക്കിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്കുന്ന ഇടം കൂടിയാണ്. ആഭ്യന്തര കാര്യങ്ങളെല്ലാം സ്വയം നിര്‍വ്വഹിക്കുന്ന ഗ്രീന്‍ലാന്റിന്റെ വിദേശ നയവും പ്രതിരോധവും നിര്‍വ്വഹിക്കുന്നത് ഡന്മാര്ക്കാണ്. ധാതു ലവണങ്ങളുടെ കലവറ കൂടിയായ ഗ്രീന്‍ലാന്റ് ലോകത്തെ വന്‍ ശക്തികള്‍ക്കെല്ലാം കണ്ണുണ്ടെന്നത് പരസ്യമാണ്. ഗ്രീന്‍ലാന്റില്‍ നയതന്ത്ര കണ്ണുകളുള്ള രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് പുറമേ ചൈനയും റഷ്യയുമുണ്ട്. ദ്വീപ് വാങ്ങുന്നതിനെ എതിര്ക്കുന്നുണ്ടെങ്കിലൂം ഡന്മാര്ക്കും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയ 1951 ലെ കരാര്‍ പ്രകാരം അമേരിക്കന്‍ സൈന്യത്തിന് വടക്കന്‍ ഗ്രീന്‍ലാന്റിലെ തുളെയില് വ്യോമതാവളമുണ്ട്. റഷ്യയും ചൈനയും നീക്കം ശ്രദ്ധയോടെയാണ് കാണുന്നത്.
സെപ്തംബറില്‍ കോപ്പന്‍ഹേഗനില്‍ ട്രംപും ഡാനിഷ് അധികൃതരും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ ഗ്രീന്‍ലാന്റ് വാങ്ങല്‍ അജണ്ടയില്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. സമ്മര്‍ദ്ദം കൊടുത്താല്‍ ഡന്മാര്ക്ക് വീഴുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. 1917 ല്‍ തങ്ങളുടെ അധീനതയില്‍ ഉണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് ദ്വീപ് അമേരിക്കയ്ക്ക് 25 ദശലക്ഷം ഡോളറിന് വിറ്റ് ചരിത്രം ഡന്മാര്ക്കിനുണ്ട് താനും. ഡാനിഷ് പ്രതിപക്ഷം എതിര്‍ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി മെറ്റ് ഫ്രഡറിക് സണോ വിദേശകാര്യമന്ത്രി ജെപ്പ് കോഫോഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.






