
ജെയ്പൂര്‍: പെഹ്ലു ഖാന് കേസിലെ കോടതി വിധിക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്. ബിഹാറിലെ സുധീര്‍ ഓജ എന്നയാളാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രിയങ്കയുടെ ട്വീറ്റ് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും കോടതി അലക്ഷ്യവും ആണ് ഹര്ജിക്കാരന് ആരോപിക്കുന്നത്.
പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ആറുപ്രതികളേയും കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കോടതി വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ക്രിമിനല്‍ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.
ഐ.പി.സി 504,506,153 വകുപ്പുകളുടെ അടിസ്ഥാനത്തിലും കോടതി അലക്ഷ്യത്തിനുമാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സി.ജെ.എം കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും സുധീര്‍ ഓജ വ്യക്തമാക്കി. തെളിവില്ലാത്തതുകൊണ്ട് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതാണ്. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് മതവിദ്വേഷത്തിന് കാരണമാകുന്നുവെന്നും ഇയാള്‍ ആരോപിച്ചു. കോടതി തന്റെ ഹര്‍ജി സ്വീകരിച്ചുവെന്നും ഓഗസ്റ്റ് 26നു പരിഗണക്കുമെന്നും സുധീര്‍ ഓജ പറഞ്ഞു.
'പെഹ്ലു ഖാന് കേസിലെ കോടതി വിധി ഞെട്ടിക്കുന്നതാണ്. ആള്‍കൂട്ട കൊലപാതകം നാണം കെട്ട കുറ്റകൃത്യമാണ്. അതിന് നമ്മുടെ രാജ്യത്ത് സ്ഥാനമുണ്ടാകാന്‍ പാടില്ല. രാജസ്ഥാന് സര്‍ക്കാര്‍ പെഹ്ലു ഖാന് നീതി ലഭിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കട്ടെ' എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.






