പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷ്ണനെയും അര്‍ജുനനേയും പോലെയെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെക്കുറിച്ചാണ് ചൗഹാന്റെ പ്രസ്താവന. തുടര്‍ച്ചയായ പരാജയങ്ങളില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടിയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും ചൗഹാന് പറഞ്ഞു.
മോഡിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ രാജ്യം മുന്നോട്ട് പോകുകയാണ്. അര്‍ജുനനേയും കൃഷ്ണനേയും പോലെയാണ് അവര്‍ രാജ്യത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഭവവികാസങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കോണ്‍ഗ്രസെന്നും ചൗഹാന് പരിഹസിച്ചു. നിലവിലെ സംഭവവികാസങ്ങളില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തയ്യാറാകണമെന്നും ചൗഹാന് ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. അതേസമയം സോണിയ ഗാന്ധി പ്രതികരിക്കുന്നുമില്ല. എങ്ങനെ പ്രതികരിക്കണമെന്നുപോലും കോണ്‍ഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണെന്നും ചൗഹാന് പറഞ്ഞു. ഗോവയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാന്.






