
ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനും ഈശ്വര സാക്ഷാത്കാരം ലഭിക്കാനുമായി വർഷങ്ങളായി ഇരിക്കുകയോ കിടക്കുകയോ ചെയ്യാത്ത ഒരാൾ! കേൾക്കുമ്പോൾ അത്ര വിശ്വസനീയമായി തോന്നില്ല എങ്കിലും ഖഡേശ്വരി വ്രതം നോക്കുന്ന സന്ന്യാസിമാരെ കുറിച്ച് അറിയുമ്പോൾ ഇത് സത്യമാണെന്ന് മനസ്സിലാകും. പറഞ്ഞുവരുന്നത് അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായ 'ദുരാൽ ഗിരി ജി മഹാരാജ്' എന്ന യുവ സന്ന്യാസിയുടെ കഥയാണ്.
ദുരാൽ ഗിരി ജി മഹാരാജ് കഴിഞ്ഞ 12 വർഷമായി ഒരേ നിൽപ്പാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാൽ മറ്റൊരു വിഭാഗം അത് അഞ്ച് വർഷമാണെന്ന് പറയുന്നു. അഞ്ചായാലും 12 ആയാലും ഒരു മനുഷ്യൻ ഇത്രയും കാലം ഇരിക്കാതെയോ കിടക്കാതെയോ എങ്ങനെ കഴിയുമെന്ന് ഓർത്ത് അത്ഭുതപ്പെടാനേ സാധാരണക്കാർക്ക് കഴിയൂ. കഠിനമായ ഈ തപസ്സ് കാരണം അദ്ദേഹത്തിന്റെ കാലുകൾ വീർത്തു കറുത്ത നിലയിലായിരിക്കുകയാണ്.
സർവ്വകലാശാല പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ശിവഭഗവാനായി സ്വയം സമർപ്പിച്ച ആളാണ് ഈ യുവസന്ന്യാസി. ആത്മീയ ഉന്നതിക്കും ദൈവവുമായി സംവദിക്കുന്നതിനും വേണ്ടി ശാരീരിക ബുദ്ധിമുട്ടുകൾ സഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഇരിക്കുകയോ കിടക്കുകയോ ഇല്ല' എന്ന് ഇയാൾ പ്രതിജ്ഞയെടുത്തത്. ഹൈന്ദവ ആചാരങ്ങളിൽ 'ഖഡേശ്വരി' എന്നറിയപ്പെടുന്ന കഠിനമായ ഒരു തപസ്സ് രീതിയാണിത്. ഇതിൽ ഭക്തർ വർഷങ്ങളോളം ഒരേ നിൽപ്പ് നിൽക്കുന്നു. ഇത്തരം സന്ന്യാസിമാർ വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും പോലും നിൽക്കുകയാണ് ചെയ്യുന്നത്. താഴെ വീണുപോകാതിരിക്കാൻ ബെൽറ്റുകളോ കയറുകളോ ഉപയോഗിച്ച് ശരീരത്തെ താങ്ങി നിർത്തിയാണ് നിൽക്കുന്ന അവസ്ഥയിൽ തന്നെ ചെറിയ രീതിയിൽ വിശ്രമിക്കുന്നത്.
വർഷങ്ങളായുള്ള ഈ നിൽപ്പ് കാരണം ദുരാൽ ഗിരി ജിയുടെ കാലുകളിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കാലിന്റെ വിരലുകൾ മുതൽ മുട്ടുവരെ നീരു വന്ന് വീർക്കുകയും കറുത്ത നിറമാവുകയും ചെയ്തിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്, കാലുകൾ വൃത്തിയാക്കാനും മരുന്നുകൾ പുരട്ടാനും ഇപ്പോൾ സന്നദ്ധപ്രവർത്തകരുടെ സഹായം തേടേണ്ടി വരുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ച് അസ്ഥിരോഗ വിദഗ്ദ്ധനായ ഡോ. മനൻ വോറ ഇൻസ്റ്റാഗ്രാമിൽ പ്രതികരിക്കുകയുണ്ടായി. ചലനമില്ലാതെ ഒരേ നിൽപ്പ് നിൽക്കുമ്പോൾ, കാലിലെ പേശികൾക്ക് രക്തം തിരികെ ഹൃദയത്തിലേക്ക് പമ്പ് ചെയ്യാൻ കഴിയില്ല. ഇത് കാരണം രക്തം കണങ്കാലുകളിൽ കെട്ടിക്കിടക്കുകയും പാദങ്ങളിൽ കടുത്ത സമ്മർദ്ദം ഉണ്ടാവുകയും ചെയ്യും. ഈ കഠിനമായ സമ്മർദ്ദം കാരണം കോശങ്ങളിലേക്ക് ഫ്ലൂയിഡ് ഇറങ്ങും. ഇത് ചർമ്മം കറുക്കാനും, കട്ടിയാകാനും, മുറിവുകൾ ഉണങ്ങാതിരിക്കാനും കാരണമാകും.
എന്തായാലും ഇന്ത്യയിൽ നിന്നുള്ള ഈ അപൂർവ തപസ്സ് ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്. ഇത് യഥാർത്ഥ ഈശ്വരഭക്തിയാണോ അതോ സ്വയം ശരീരം നശിപ്പിക്കുന്ന രീതിയാണോ എന്നാണ് പലരും ചോദിക്കുന്നത്.






