
അമിതവണ്ണം ഉറക്കം കെടുത്തുമ്പോള്‍ പരിഹാരം തേടി പരക്കം പായുന്നവരുണ്ട്. എന്നാല്‍ രാവിലെ അല്പദൂരം നടക്കാനോ ഓടാനോ ആവശ്യപ്പെട്ടാല്‍ സമയക്കുറവിന്റെ പരിമിതികളിലേക്ക് ഉള്‍വലിയുന്നവരാണ് അവരിലേറെയും. പ്രത്യേകിച്ച് സ്ത്രീകള്‍. ഇങ്ങനെ 'ഒളിവില്‍' പോകുന്നവര്‍ക്ക് ആസ്വദിച്ച് ഒറ്റയ്ക്കും കൂട്ടായും ചെയ്യാനാവുന്ന വ്യായാമമുറയാണ് സൂംബ.
ചടുലതാള സംഗീതത്തിന് കൃത്യമായ ചുവടുവച്ചുള്ള സൂംബ പരിശീലനം ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യകരമാണ്. ഏതു പ്രായക്കാര്‍ക്കും സൂംബ പരിശീലനത്തിലൂടെ വണ്ണം കുറയ്ക്കാനും ശരീര സൗന്ദര്യം വീണ്ടെടുക്കുവാനും സാധിക്കും.
സൂംബ ഡാന്‍സ് ഫിറ്റ്നെസ്
വ്യായാമ മുറകളെ നൃത്തച്ചുവടുകളാക്കി അവതരിപ്പിക്കുകയാണ് സൂംബയിലൂടെ ചെയ്യുന്നത്. ഒറ്റ വാക്കില്‍ 'സുംബ' എന്നത് നൃത്തത്തിന്റെയും എയ്റോബിക് വ്യായാമ രീതിയുടെയും കൂടിച്ചേരലാണ്. സ്ത്രീകള്‍ക്കുള്ള വ്യായാമമെന്ന് അറിയപ്പെടുമ്പോഴും വണ്ണം കുറയ്ക്കാനും ടെന്‍ഷന്‍ അകറ്റാനും പുരുഷന്മാരും സൂംബ പ്രയോജനപ്പെടുത്തുന്നുണ്ട്. ലളിതമായ വ്യായാമ മുറകളിലൂടെ ആരോഗ്യമുള്ള മനസും ശരീരവും രൂപപ്പെടുത്തുകയാണ് സൂംബയുടെ ലക്ഷ്യം.
വണ്ണം കുറയ്ക്കാം
മറ്റ് വ്യായാമമുറകളെ അപേക്ഷിച്ച് സൂംബയില്‍ ശരീരം കൂടുതല്‍ ഊര്‍ജം ചെലവഴിക്കുന്നുണ്ട്. അതിലൂടെ അധിക കൊഴുപ്പ് കുറച്ച് വണ്ണം കുറയ്ക്കാന്‍ സാധിക്കും. ഒപ്പം മാനസിക ഉണര്‍വും ലഭിക്കുന്നു. മെറ്റബോളിസം വര്‍ധിപ്പിക്കാനും സൂംബയുടെ ചുവടുകള്‍ സഹായകരമാണ്. ശരീരഭാരം കുറയുന്നതിനൊപ്പം ജോലിയിലെ ടെന്‍ഷന്‍, വിഷാദം തുടങ്ങിയ മാനസിക പ്രായാസങ്ങള്‍ക്ക് തടയിടാനും സാധിക്കുന്നു.
പാട്ടിനോപ്പം ചുവടുകള്‍
ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് സൂംബ പരിശീലനം. പാട്ടിന്റെ താളത്തിനൊപ്പം പ്രത്യേകം ചിട്ടപ്പെടുത്തിയ ചുവടുകള്‍ വയ്ക്കുന്നു. എല്ലാ ചുവടുകളും ഫിറ്റ്നെസിന് പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണെന്നുമാത്രം. നൃത്തച്ചുവടുകളായതിനാല് സാധാരണ വ്യായാമമുറകള്ക്കുണ്ടാകുന്ന വിരസത ഒഴിവാക്കാനുമാകുന്നു. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സൂംബ തുടരാം. ഓരോരുത്തരുടെയും സമയവും മറ്റ് സൗകര്യങ്ങളുമനുസരിച്ച് രാവിലെയോ വൈകിട്ടോ സുംബ പരിശീലിക്കാവുന്നതാണ്.
സൂംബ സ്റ്റൈല്‍
ശരീരത്തിലെ സന്ധികള്‍ക്ക് വ്യായാമം കിട്ടുന്ന ലഘു ചലനങ്ങളിലൂടെയാണ് സൂംബയുടെ തുടക്കം. വിരലുകള്‍ ഉള്‍പ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും വ്യായാമം എത്തുമെന്നതാണ് പ്രത്യേകത. പത്ത് മിനിറ്റ് ഇവ തുടരും. പിന്നീട് വാമിങ്, ജംപിങ്, ജോഗിങ്, സ്പ്രിന്റിങ്, സ്ട്രെച്ചിങ് തുടങ്ങിയ വ്യായാമങ്ങള്‍ പരിശീലിക്കുന്നു. തുടര്‍ന്നാണ് നോണ്‍ സ്റ്റോപ്പ് സൂംബ സ്റ്റൈല്‍ ആരംഭിക്കുക. ഒരു സംഘം ആളുകള്‍ ഒരുമിച്ച് തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്ത് ഒരേ താളത്തില്‍ ചുവടുകള്‍ വെച്ച് സൂംബ തുടരുന്നു. പ്രധാനപ്പെട്ട സൂംബ ഐറ്റങ്ങളാണ് സ്ട്രോങ് ബൈ സൂംബയും അക്വാ സൂംബയും.
അക്വാ സൂംബ
വ്യായാമം ചെയ്യുകയാണെന്ന ചിന്ത പോലുമുണ്ടാകാതെ ആസ്വദിക്കാവുന്ന സൂംബ രീതിയാണ് അക്വാ സൂംബ. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയെന്നതാണ് ഈ സൂംബയുടെ പ്രത്യേകത. സ്വിമ്മിങ് പൂളിലെ വെള്ളത്തിലാണ് അക്വാ സൂംബയുടെ പരിശീലനം. വെള്ളത്തിന്റെ പ്രതിരോധം വ്യായാമം കാര്യക്ഷമമാക്കുന്നതിനൊപ്പം ആയാസവും കുറയ്ക്കുമെന്നതാണ് അക്വാ സൂംബയുടെ പ്രയോജനം.
ഭക്ഷണക്രമീകരണം
മറ്റ് വ്യായാമ മുറകള്‍ പോലെ സൂംബ പരിശീലനത്തിനും ആഹാരക്രമീകരണം ആവശ്യമാണ്. അമിതാഹാരം ഒഴിവാക്കണം. വറത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍ പാടേ ഉപേക്ഷിക്കണം. അമിത വണ്ണത്തിനുള്ള പ്രധാന കാരണം നിയന്ത്രണമില്ലാത്ത ഭക്ഷണരീതികളാണ്. ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സൂംബ പരിശീലിക്കുന്നതിലൂടെ ശരീരത്തില്‍ വളരെ വേഗം മാറ്റങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങും.
മറിയം റൗഫ്
സൂംബ ഇന്‍സ്ട്രക്ടര്‍
ലേഡി ശ്രീറാം കോളജ്, ന്യൂഡല്‍ഹി
തയാറാക്കിയത്:
റ്റീനു തോമസ്