
മോസ്ക്കോ: സ്വന്തം പിതാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ സഹോദരിമാരുടെ ജയില്‍ മോചനത്തിന് വേണ്ടി ഒത്തു ചേര്‍ന്ന് റഷ്യന്‍ ജനത. വര്‍ഷങ്ങളോളം ദൈനംദിനം ശാരീരിക, മാനസീക, ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിനെ കഴിഞ്ഞ വര്‍ഷം കൊലപ്പെടുത്തിയ ഖഷാതുര്യന് സഹോദരിമാരെ മോചിപ്പിക്കണമെന്ന് റഷ്യന്‍ ജനത മുഴുവനും ആവശ്യപ്പെട്ടിരിക്കുകയാണ്. മരിയ, ആഞ്ജലീന, ക്രിസ്റ്റീന എന്നിവര്‍ ചേര്‍ന്നായിരുന്നു പിതാവിനെ കൊലപ്പെടുത്തിയത്.
റഷ്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ പിതാവ് മൂന്ന് വര്‍ഷത്തോളമാണ് സഹോദരിമാരെ കൊടും പീഡനത്തിന് ഇരയാക്കിയത്. 2018 ജൂലൈ 27 ന് രാത്രിയിലായിരുന്നു ഇവര്‍ കൃത്യം നടത്തിയത്. കഴുത്തിലും നെഞ്ചിലുമായി 30 ലധികം മുറിവുകളുമായി ഖഷാതുര്യാന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. പതിവായി നേരിടുന്ന പീഡനം കൂടാതെ ജീവിക്കാന്‍ പിതാവിനെ കൊല്ലുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നാണ് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. പതിവ് പോലെ അന്നും പിതാവ് പെണ്‍കുട്ടികളെ ഓരോരുത്തരെയായി തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ആക്ഷേപിക്കുകയും കുരുമുളക് പൊടിഗ്യാസ് മുഖത്ത് സ്പ്രേ ചെയ്യുകയും ചെയ്തു. അതിന് ശേഷം പിതാവ് ഉറങ്ങിയ സമയത്ത് കത്തി, കുരുമുളക് പൊടി സ്പ്രേ, ഒരു ചുറ്റിക എന്നിവയുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പിതാവ് തങ്ങളെ സമാനതകളില്ലാത്ത പീഡനത്തിനാണ് ഇരയാക്കിക്കൊണ്ടിരുന്നതെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. ഭര്‍ത്താവിന്റെ ക്രൂര പീഡനം കൊണ്ട് പെണ്‍കുട്ടികളുടെ മാതാവ് ഇവരുടെ വീട്ടില്‍ നിന്നും അല്‍പ്പം മാറിയാണ് താമസിക്കുന്നത്. നേരത്തേ നിരന്തരമുള്ള മര്‍ദ്ദനം താങ്ങാന്‍ കഴിയാതെ വീടുവിട്ടുപോയ ഈ സ്ത്രീ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു പോകുകയായിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് പല തവണ പോലീസിന് പരാതി നല്‍കിയിട്ടും അവര്‍ ഇടപെടാതെയാണ് ഇവര്‍ വീടുവിട്ടത്.
പിതാവ് മിഖായേല്‍ പെണ്മക്കളെ ജയില്പുള്ളികളെ പോലെയായിരുന്നു കരുതിയിരുന്നതെന്നും ഇവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും മാതാവ് ഔറേലിയ ഡണ്ഡുക് ആരോപിച്ചു. സംഭവത്തില്‍ നടന്ന അന്വേഷണത്തിലും പിതാവ് പെണ്‍കുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ കഥ പുറത്തു വന്നതോടെ ഇവരെ ജയില്‍ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ ഒന്നടങ്കം രംഗത്ത് വന്നു. ഗാര്‍ഹിക പീഡനങ്ങളെ കുടുംബത്തിന്റെ ആഭ്യന്തര കാര്യമെന്ന നിലയിലാണ് സാധാരണ റഷ്യന്‍ പോലീസ് ഇത്തരം വിഷയങ്ങളില്‍ ഇടപെടാറുള്ളത്. അതുകൊണ്ടു തന്നെയാണ് ഈകേസിന് ഇത്ര ശ്രദ്ധ കിട്ടാന്‍ കാരണമായിരിക്കുന്നതും.
മരിയ, ആഞ്ജലീന, ക്രിസ്റ്റീന എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മൂന്ന് ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജിയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് മുന്നിലെത്തിയത്്. സംഭവം നടക്കുമ്പോള്‍ സഹോദരിമാര്‍ക്ക് 16,17,18 എന്നിങ്ങനെ ആയിരുന്നു പ്രായം. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടികള്‍ തന്നെയാണ് പോലീസിനെ വിളിച്ച് പിതാവിന്റെ മരണത്തെക്കുറിഞ്ഞ് പറഞ്ഞതും. സംഭവ സ്ഥലത്തു നിന്നുമാണ് പെണ്‍കുട്ടികളെ പോലീസ് പിടികൂടിയതും. സ്വയം പ്രതിരോധം എന്ന നിലയ്ക്കാണ് റഷ്യന്‍ ജനത പെണ്‍കുട്ടികളെ ന്യായീകരിച്ചത്.