ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച നേതാവായിരുന്നു ഇന്ന് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രരാഷ്ട്രീയത്തിന് പുറമെ ക്രിക്കറ്റ് ഭരണണത്തിലും നിയമരംഗത്തും വിവിധ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിലും ജെയ്റ്റ്ലി കഴിവ് തെളിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് നടപടികളിലും ജെയ്റ്റ്ലിക്ക് ഏറെ അവഗാഹമുണ്ടായിരുന്നു. പാര്‍ലമെന്ററി നടപടികള്‍ പഠിക്കുന്നതിനും വിഷയം പഠിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കാനും ജെയ്റ്റ്ലി എന്നും ശ്രദ്ധിച്ചിരുന്നു.
ഒരിക്കല്‍ രാജ്യസഭയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജെയ്റ്റ്ലി 35,000 രൂപ ചെലവഴിക്കേണ്ടി വന്ന സംഭവം പ്രശസ്തമാണ്. 2011 കാലഘട്ടത്തില്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് സംഭവം. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ആയിരുന്ന സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്ന ദിവസം വലിയ പുസ്തകങ്ങളുമായാണ് ജെയ്റ്റ്ലി രാജ്യസഭയില്‍ എത്തിയത്. ചര്‍ച്ച തുടങ്ങിക്കഴിഞ്ഞ തടിച്ച പുസ്തകങ്ങളുമായി കയറി വന്ന ജെയ്റ്റ്ലിലെ മന്ത്രിമാരടക്കം എല്ലാവരും ശ്രദ്ധിച്ചു.
പിന്നീട് പാര്‍ലമെന്റിലെ ചര്‍ച്ച കഴിഞ്ഞ് വിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോടാണ് തന്റെ കൈവശം ഉണ്ടായിരുന്നത് നിയമ പുസ്തകങ്ങളാണെന്ന് ജെയ്റ്റ്ലി വെളിപ്പെടുത്തിയത്. ജഡ്ജുമാരെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പഠിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 35,000 രൂപയോളം മുടക്കി വാങ്ങിയ പുസ്തകങ്ങളാണ് ജെയ്റ്റിലുടെ കൈയില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റിലെ ചര്‍ച്ചകളെ എത്രത്തോളം ഗൗരവത്തോടെയാണ് ജെയ്റ്റ്ലി കണ്ടിരുന്നത് എന്നതിന്റെ തെളിവായി ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫണ്ട് തിരിമറി ആരോപണത്തെ തുടര്‍ന്നാണ് സൗമിത്ര സെന്നിനെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് വിധേയനാക്കിയത്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് പ്രധാനമന്ത്രിക്ക് ഇംപീച്ച്മെന്റ് ശിപാര്‍ശ ചെയ്തത്. സി.പി.എം നേതാവ് സീതാറാം യെച്ചൂരി അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭയില്‍ പാസായി. എന്നാല്‍ ലോക്സഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സൗമിത്ര സെന്‍ രാജിവച്ചുവെന്നത് ചരിത്രം.






