
റായ്പൂര്‍: ചത്തുപോയ മുതലയ്ക്ക് വേണ്ടി ക്ഷേത്രം പണിയാന്‍ ഛത്തീസ്ഗഡിലെ ഗ്രാമവാസികള്‍. ബവമൊഹത്ര ഗ്രാമത്തില്‍ ഇതിനായുള്ള കെട്ടിടം പണി പൂര്‍ത്തിയായി. ഗ്രാമത്തിലെ കുളത്തിലുണ്ടായിരുന്ന 130 വയസുള്ള മുതല ഈ വര്‍ഷം ജനുവരിയിലാണ് ചത്തത്.
വിശുദ്ധ ആത്മാവായിരുന്നു മുതലയുടേതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇത് മനുഷ്യരെ ആക്രമിക്കാതിരുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. ഇതിനാലാണ് ക്ഷേത്രം പണിയണം എന്ന ആവശ്യം ഉയര്‍ന്നത്. നര്‍മ്മദ ദേവിയുടേയും മുതലയുടേയും പ്രതിമ ക്ഷേത്രത്തില്‍ സ്ഥാപിക്കുമെന്നാണ് ഗ്രാമവാസികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്ര കെട്ടിടം നിര്‍മ്മാണത്തിലിരിക്കെ തന്നെ നിരവധിപേരാണ് ഇവിടെ പ്രാര്‍ത്ഥിക്കാനെത്തിയത്.
ജനുവരി എട്ടിനാണ് മുതല ചത്തത്. മുതലയുടെ മൃതശരീരം ഏറ്റെടുക്കാന്‍ എത്തിയ വനംവകുപ്പ് അധികൃതരെ മടക്കി അയക്കാന്‍ നാലുമണിക്കൂറിലേറെ ഗ്രാമവാസികള്‍ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ഗ്രാമീണമായ ആചാരങ്ങള്‍ പ്രകാരം മുതലയുടെ മൃതശരീരം സംസ്കരിക്കണമെന്നാണ് ഗ്രാമവാസികള്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് നല്കിയ മറുപടി.






