
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റ്ലിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. യമുനാതീരത്ത് നിഗംബോധ്ഘട്ടിലാണ് ഭൗതികശരീരം സംസ്കരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, ജെപി നഡ്ഡ, ബി.എസ് യെഡിയൂരപ്പ, എല്‍.കെ. അദ്വാനി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കൈലാഷ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം വിലാപയാത്രയായാണ് ബിജെപി ആസ്ഥാനത്തേക്ക് എത്തിച്ചത്. ബിജെപി ആസ്ഥാനത്ത് എത്തിച്ച ഭൗതികശരീരം രണ്ടു മണി വരെ പൊതുദര്‍ശനത്തിനു വെച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് യമുനാതീരത്തേക്ക് വിലാപായാത്രയായാണ് ഭൗതികശരീരം എത്തിച്ചത്.
തെക്കന്‍ ഡല്‍ഹിയിലുള്ള അരുണ്‍ ജയ്റ്റലിയുടെ വസതിയിലെത്തി നിരവധി നേതാക്കളാണ് അദേഹത്തിന് ഇന്നലെ അന്തിമോപചാരം അര്‍പ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, എന്‍സിപി നേതാക്കളായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ആര്‍എല്‍ഡി നേതാവ് അജിത് സിങ് ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും റ്റിടിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു എന്നിവര്‍ ഇന്ന് രാവിലെ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്രന്ദമോഡിക്കു പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റീത്ത് സമര്‍പ്പിച്ചു.വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്ലി ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെ എയിംസില്‍ വച്ചാണ് അന്തരിച്ചത്.






