
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്. തരൂരും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രികള്‍ ഒരുമ്മിച്ച് ചിലവഴിച്ചുവെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദത്തിനിടെ ചൂണ്ടിക്കാണിച്ചത്.
സുനന്ദയുടെ മാധ്യമപ്രവര്‍ത്തക കൂടിയായ സുഹൃത്ത് നളിനി സിങ്ങിന്റെ മൊഴിയാണ് അതുല്‍ കോടതിയില്‍ വായിച്ചത്. നാലു വര്‍ഷമായി സുനന്ദയെ അറിയാം. അവസാന വര്‍ഷങ്ങളില്‍ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ തന്നോട് പങ്കുവെച്ചിരുന്നു. തരൂരും മെഹാറും മൂന്നു രാത്രി ഒരുമ്മിച്ച് കഴിഞ്ഞെന്നും തന്നോട് മരിക്കുന്നതിന് തൊട്ടുതലേന്ന് സുനന്ദ ഫോണില്‍ വിളിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.
സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണ കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പോലീസ് ആവശ്യമുയര്‍ത്തിയിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ഐപിഎല്ലുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സുനന്ദ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താനിരുന്നതാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
സുനന്ദയും ശശി തരൂരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അതുല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ദുബായില്‍ വച്ചും ഇരുവരും വഴക്കിട്ടിരുന്നുവെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോലിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ സുനന്ദ തരൂരിനെ പ്രഹരിച്ചിരുന്നതായും അവരുടെ മൊഴിയിലുണ്ട്. 'ക്യാറ്റി' എന്നു വിളിക്കുന്ന ഒരു സ്ത്രീയെ ചൊല്ലിയാണ് അവര്‍ വഴക്കിട്ടിരുന്നത്. എന്നാല്‍ അത് പാകിസ്താന് മാധ്യമപ്രവര്‍ത്തക മെഹ്ര് തരാര്‍ അല്ലെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.
അല്‍പ്രസോളം പോലെ എന്തെങ്കിലും സുനന്ദയുടെ ശരീരത്തില്‍ കുത്തിവച്ചിരിക്കാമെന്ന മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം തള്ളിക്കളയാന്‍ കഴിയില്ലെന്നും പ്രോസിക്യുഷന് പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം തരൂര്‍ തന്നില്‍ നിന്നും വിവാഹമോചനം നേടുമെന്നും തരാറിനെ വിവാഹം കഴക്കുമെന്നും അവര്‍ സുഹൃത്തിനെ അറിയിച്ചുരുന്നു.
എന്നാല്‍, പ്രോസിക്യൂട്ടറുടെ ആരോപണങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൃത്യമായി പഠിക്കാതെയാണെന്ന് തരൂരിന്റെ അഭിഭാഷകന് വികാസ് പവ ചൂണ്ടിക്കാട്ടി. മനഃശാസ്ത്രപരമായി മൃതദേഹ പരിശോധന നടത്തിയ വിദഗ്ധരുടെ അഭിപ്രായം പ്രോസിക്യുഷന് പരിശോധിച്ചിട്ടില്ല. ഇത് കൊലപാതകമോ ആത്മഹത്യയോ അല്ലെന്നും അജ്ഞാതമായ ജൈവീക കാരണങ്ങളാലുള്ള മരണമാണെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടിലുണ്ടെന്നും അവിടെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയോട് തരൂര്‍ ഏറ്റവും മാന്യതയോടെയാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തരൂരുമായുള്ള കുടുംബ ജീവിതത്തില്‍ സുനന്ദ ഏറെ സന്തുഷ്ടയായിരുന്നുവെന്നും അവസാന നാളുകളില്‍ അവര്‍ അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും സഹോദരന് ആഷിഷ് ദാസ് മൊഴി നല്കി. സുനന്ദ ഒരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നത് കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി.






