
കോട്ടയം: നമ്മുടെ ഭാവി തലമുറയ്ക്ക് കേരളത്തില്‍ തന്നെ ജോലി നല്‍കുക എന്നത് നമ്മുടെ ഓരോരുത്തരുയെും ബാധ്യതയാണെന്ന് നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി പറഞ്ഞു. മംഗളം സുവര്‍ണ ജൂബിലി സമാപന സമ്മേളന വേദിയില്‍ മംഗളം ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫില്‍ അവിടുത്തെ പുതുതലമുറ കടന്നു വരുന്നതോടെ ജോലിസാധ്യത ഏറ്റവും കുറയുന്നത് മലയാളികള്‍ക്കാണ്. അടുത്തിടെ മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അവിടുത്തെ വൈസ് പ്രസിഡന്റ് പറഞ്ഞത് ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യാക്കാരില്‍ 80 ശതമാനം മലയാളികളാണെന്നാണ്. എന്തു കൊണ്ടാണത് എന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചത്. അത് യു.എ.ഇയെ സ്നേഹിക്കുന്നതു കൊണ്ടാണെന്ന് മുഖ്യമന്ത്രി മറുപടി നല്കി. എന്നാല്‍ വാസ്തവം അതല്ല. ഇവിടെ ജോലി ഇല്ല. അതു കൊണ്ട് അവിടേക്ക് പോകുന്നു. ഇവിടെ മാതാപിതാക്കള്‍ പ്രായം ചെന്ന കാലത്ത് മക്കളെ കാണാതെ വിഷാദരോഗികളായി മാറുന്നുവെന്നും യൂസഫലി പറഞ്ഞു.
കേരളത്തില്‍ എന്തെങ്കിലും സംരംഭം തുടങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെങ്കിലും പ്രൊജക്ട് കൊണ്ടുവരാമെന്ന് വച്ചാല്‍ ഇട്ടോടിക്കും. ഞാനും അത്തരം ബുദ്ധിമുട്ട് അനുഭവിച്ചയാളാണ്. പ്രവാസികള്‍ എന്തു ബുദ്ധിമുട്ട് സഹിച്ചും ഇവിടെ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയാറുമാണ്. ഭാവി തലമുറയ്ക്ക് ഇവിടെ തന്നെ ജോലി കിട്ടാന്‍ വേണ്ടി മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മംഗളം സ്ഥാപകന്‍ എം.സി. വര്ഗീസനെ കുറിച്ച് ചെറുപ്പം മുതല്‍ കേട്ടിട്ടുണ്ട്. ഒരു പ്രിന്റിങ് പ്രസില്‍ നിന്ന് തുടങ്ങി ലോകം മുഴുവന്‍ വളര്‍ന്ന അദ്ദേഹത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ പഠിച്ചു. ആ ജീവിതത്തില്‍ ആകൃഷ്ടനായി. ഗള്‍ഫില്‍ മംഗളം വാരിക പ്രചാരത്തില്‍ മുന്‍നിരയിലായിരുന്നു. അക്കാലത്ത് മംഗളം വാരികയുടെ പതിവ് വായനക്കാരനായിരുന്നു താനെന്നും യൂസഫലി പറഞ്ഞു.
വ്യവസായമന്ത്രി ഇ.പി. ജയരാജന് അവാര്‍ഡ് സമ്മാനിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി പൊന്നാടയണിയിച്ചു. മംഗളം എഡിറ്റര്‍ ഡോ. സജി വര്‍ഗീസ് ഉപഹാരം കൈമാറി.






