
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് പട്ടാഭിരാമന്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ കാന്‍സര്‍ രോഗത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ട നിരവധി കാര്യങ്ങള്‍ പട്ടാഭിരാമന് സിനിയില്‍ പറഞ്ഞിട്ടുണ്ടെന്നും അത്തരം കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമനും പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ചും കാന്‍സറിനെ കുറിച്ചും പറയുകയാണ് എറണാകുളം റിനെ മെഡിസിറ്റിയിലെ കാന്‍സര്‍ വിഭാഗം മേധാവിയും കാന്‍സര്‍ സര്‍ജനുമായ ഡോ. തോമസ് വര്‍ഗീസ്.
'' കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കിയാല്‍ പാത്രങ്ങളില്‍ വിഷം കഴിക്കുന്നവരാണ് നമ്മളെന്നു പറയേണ്ടി വരും. ഇതിനു വളരെ പ്രാധാന്യം കൊടുത്തുള്ള ഒരു സിനിമയാണ് ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമന്. പട്ടാഭിരാമനില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് സമൂഹത്തില്‍ നടക്കുന്നതാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ കാന്‍സറിനു പ്രധാന കാരണമാണ്. വിഷാംശമുള്ള ഭക്ഷണം ധാരാളം ഉള്ളിലെത്തുമ്പോള്‍ കോശങ്ങള്‍ക്കുള്ളിലുള്ള ജെനിറ്റിക് മെറ്റീരിയിലായ ഡിഎന്‍എയ്ക്ക് ഇതിലുള്ള കാന്‍സര്‍ സാധ്യതയുള്ള കാര്‍സിനോജനുകളായ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനാകാത്ത അവസ്ഥ സംജാതമാകും.
ഇങ്ങനെ രൂപപ്പെട്ട ഒരു കോശം കാന്‍സര്‍ കോശമായി മാറുകയും അത് ശരീരത്തില്‍ പലഇടത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണത്തിലെ മായം ഒരു ആഗോളപ്രതിഭാസം തന്നെയാണ്. എങ്കിലും നമ്മുടെ നാട്ടില്‍ ഇത് കൂടുതലായി കണ്ടുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്ന സമയം മുതല്‍ അതു വളര്‍ന്ന് ചെടിയായി മാറി പൂവിടുന്ന സമയം മുതല്‍ അതില്‍ കീടനാശിനി പ്രയോഗം നടത്തും. ഇത് കായ്ഫലമാകുമ്പോഴും പാക്ക് ചെയ്ത് വിപണിയിലെത്തുമ്പോഴുമെല്ലാം ഈ കീടനാശിനിയുടെ ഫലം അതിലുണ്ടാകും. ഇതെല്ലാം കാന്‍സറിലേക്കു നയിക്കുന്ന കാരണങ്ങളാണ്'' - ഡോക്ടര്‍ പറയുന്നു.






