
ന്യൂഡല്ഹി: വ്യോമസേന വിങ് കമാന്ഡര് അഭിനന്ദന് വര്ധമാന് എയര് ചീഫ് മാര്ഷല് ബി.എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധ വിമാനം പറത്തി. പഠാന്കോട്ട് എയര്ബേസില് വച്ചാണ് ഇരുവരും ചേര്ന്ന് മിഗ് 21 പറത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല് മീഡിയയില് വൈറലായി.
ആരോഗ്യ പരിശോധനകള്ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന് അനുമതി നല്കിയത്. ഇന്ത്യന് വ്യോമാതിര്ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓഠിക്കുന്നതിനിടെയാണ് അഭിനന്ദന് സഞ്ചരിച്ചിരുന്ന മിഗ് 21 വിമാനം പാക്ക് സൈന്യം വെടിവെച്ചിട്ടത്.
പാരച്യൂട്ടില് വിമാനത്തില് നിന്നും രക്ഷപെട്ട അഭിനന്ദന് പറന്നിറങ്ങിയത് നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനിലായിരുന്നു. തുടര്ന്ന് പാക് സൈന്യം അഭിനന്ദനെ പിടികൂടുകയും ചെയ്തു, 60 മണിക്കൂറുകളോളം കസ്റ്റഡിയില് വച്ച ശേഷമാണ് അഭിനന്ദനെ പാക് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്.
മാര്ച്ച് ഒന്നിനാണ് അഭിനന്ദന് ഇന്ത്യയില് തിരിച്ചെത്തിയത്. 'എന്റെ രാജ്യത്ത് തിരിച്ചെത്താന് സാധിച്ചതില് സന്തോഷം' എന്നായിരുന്നു ഇന്ത്യന് മണ്ണില് കാലുകുത്തിയതിന് ശേഷം അഭിനന്ദന്റെ ആദ്യ പ്രതികരണം.
സ്വാതന്ത്ര ദിനത്തില് ഇന്ത്യന് വ്യോമസേന വിങ് കമാന്ഡര് അഭിനന്ദന് വര്ധമാന് വീര് ചക്ര ബഹുമതി നല്കി രാജ്യം ആദരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര് ചക്ര.







Comments