
കോട്ടയം: പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോസ് ടോമിനെ പാര്‍ട്ടി ചിഹ്നമായ ''രണ്ടില''യില്‍ത്തന്നെ മത്സരിപ്പിക്കാന്‍ യു.ഡി.എഫ്. നേതൃത്വം ഇടപെടുന്നു. ജോസ് ടോമിന് ''രണ്ടില'' ചിഹ്നം നല്‍കില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ്. നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കുകയുമില്ലെന്ന് പി ജെ ജോസഫ് നിലപാട് എടുത്ത സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് യുഡിഎഫ് ഇടപെടല്‍.
ജോസ് കെ. മാണിയോ സ്ഥാനാര്‍ഥി ജോസ് ടോമോ ആവശ്യപ്പെട്ടാല്‍ മാത്രമേ തെരഞ്ഞെടുപ്പു കമ്മിഷനോടു ''രണ്ടില'' ചോദിക്കൂ എന്ന നിലപാടിലാണു വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫ്. വേണ്ടെന്ന് തുറന്നുപറഞ്ഞയാള്ക്ക് എന്തിനു ചിഹ്നം നല്‍കണം? താന്‍ പുറത്താക്കിയ വ്യക്തിയാണ് ജോസ് ടോം. യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജോസ് ടോം. യു.ഡി.എഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ജോസ് കെ. മാണിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ അധികാരമില്ല.
ചിഹ്നത്തിനു വേണ്ടി ജോസഫിനു മുന്നില്‍ മുട്ടുമടക്കാനില്ലെന്ന സമീപനമാണു ജോസ് കെ. മാണി സ്വീകരിച്ചിരുന്നതെങ്കിലും യു.ഡി.എഫിന്റെ ഇടപെടല്‍ മൂലം അദ്ദേഹം അല്‍പ്പം അയഞ്ഞിട്ടുണ്ട്. ചെയര്മാന് കെ.എം. മാണി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പു കമ്മിഷനോടു ചിഹ്നം ആവശ്യപ്പെടാനുള്ള അധികാരം വര്‍ക്കിങ് ചെയര്‍മാനായ ജോസഫിനാണ്. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹി ആവശ്യപ്പെട്ടാല്‍ ചിഹ്നം അനുവദിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ വ്യക്തമാക്കിയിരുന്നു.
ചിഹ്നത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇരു വിഭാഗവും തയാറാകണമെന്നാണു യു.ഡി.എഫ്. നേതൃത്വത്തിന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹന്നാനും ഇന്നലെ ജോസഫുമായും ജോസുമായും ചര്‍ച്ച നടത്തി. അതോടെ ചിഹ്നത്തര്ക്കത്തിനു പരിഹാരമുണ്ടാകാന്‍ സാധ്യത തെളിഞ്ഞു. യു.ഡി.എഫ്. ആവശ്യപ്പെട്ടാല്‍ ജോസഫിനോടു ചിഹ്നം ആവശ്യപ്പെടാന്‍ തയാറാണെന്ന് ജോസ് പക്ഷത്തുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മംഗളത്തോടു പറഞ്ഞു. മുന്നണി നേതൃത്വം െകെക്കൊള്ളുന്ന ഏതു തീരുമാനവും അംഗീകരിക്കും. അതിനാല്‍ ചിഹ്നത്തിന്റെ കാര്യത്തിലും തീരുമാനം യു.ഡി.എഫ്. എടുക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
യു.ഡി.എഫിന്റെ വിജയസാധ്യതയെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ജോസഫ് വ്യക്തമായ മറുപടി നല്‍കിയില്ല. രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പു കമ്മിഷനു കത്തുനല്‍കാന്‍ ജോസ് വിഭാഗം ജോസഫിനോട് ആവശ്യപ്പെടുമെന്നും പ്രശ്നം തീരുമെന്നുമാണു പ്രതീക്ഷയെന്ന് ബെന്നി ബഹന്നാന് 'മംഗള'ത്തോടു പറഞ്ഞു. പി.ജെ. ജോസഫ് പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനാണെന്ന കാര്യം അംഗീകരിക്കണമെന്നു ജോസ് കെ. മാണിയോട് ആവശ്യപ്പെടുമെന്നും ബെന്നി ബഹന്നാന് പറഞ്ഞു. ചെയര്‍മാന്റെ അഭാവത്തില്‍ ചുമതലകള്‍ വര്‍ക്കിങ് ചെയര്മാനാണെന്നാണു കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടനയിലെ വ്യവസ്ഥ.






