
ബംഗളുരു: ലോകം ഉറ്റുനോക്കുന്ന, ഇന്ത്യയുടെ അഭിമാനമുഹൂര്‍ത്തം മണിക്കൂറുകള്‍ മാത്രം അകലെ. ചന്ദ്രയാന്‍-2 പ്രധാന പേടകത്തില്‍നിന്നു വേര്‍പെട്ട 'വിക്രം' ലാന്‍ഡര്‍ നാളെ പുലര്‍ച്ചെ ചന്ദ്രനില്‍ ഇറങ്ങും. ഇതോടെ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനില്‍ സോഫ്റ്റ്ലാന്ഡിങ് നടത്തുന്ന രാജ്യമാകും ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ്ലാന്ഡിങ് നടത്തുന്ന ആദ്യരാജ്യമെന്ന ബഹുമതിയും ഇന്ത്യയെ കാത്തിരിക്കുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തെ മാൻസിനസ് സി, സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കാൻ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്. നാസയുടെ ലൂണാർ റിക്കോണിസൻസ് ഓർബിറ്ററിന്റെ സഹായത്തോടെയാണ് ഈ ലാൻഡിംഗ് സൈറ്റ് കണ്ടെത്തിയത്. ജപ്പാന്റെ സെലീൻ ദൗത്യത്തിൽ നിന്ന് ലഭിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചു.
തിങ്കളാഴ്ച 1.15-ന് ഓര്‍ബിറ്ററില്‍നിന്നു വേര്‍പെട്ട വിക്രം ഘട്ടം ഘട്ടമായുള്ള ഭ്രമണപഥം ക്രമീകരിക്കലിലൂടെ ചന്ദ്രനിലേക്കുള്ള ദൂരം കുറച്ചു. നാളെ പുലര്‍ച്ചെ സോഫ്റ്റ്ലാന്ഡിങ്ങിനുശേഷം ആറുചക്രങ്ങളുള്ള 'പ്രഗ്യാന്‍' റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. 46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നരമാസത്തെ യാത്രക്കൊടുവിൽ ചരിത്രം കുറിക്കുന്നതിന് തൊട്ടരികിലായി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള 38 ശ്രമങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. പക്ഷേ വിജയിച്ചത് 52 ശതമാനം ദൗത്യങ്ങൾ മാത്രം.
ശ്രമിച്ച് പരാജയപ്പെട്ടവരിൽ അവസാനത്തേത്ത് ഇസ്രയേലിന്റെ ബെർഷീറ്റ് ലാൻഡറാണ്. കഴിഞ്ഞ ഏപ്രിൽ 11നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ബെർഷീറ്റിന്റെ ശ്രമം പരാജയപ്പെട്ടത്. ഈ പരാജയങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ടാണ് ഇന്ത്യ ഇസ്റോ വിക്രമിനെ ഇറക്കാൻ തയ്യാറെടുത്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാർത്ഥികളും വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് കാണുവാനായി ബെംഗളൂരുവിലെത്തിയിട്ടുണ്ട്. എല്ലാം ശരിയായാല്‍ നാളെ പുലർച്ചെ 1.30നും 2.30നും ഇടയിൽ വിക്രം ചന്ദ്രനെ തൊടും.






