
രാവിലെ ഉറക്കമുണര്‍ന്ന മാവേലി ആദ്യം കൈയിലെടുത്തത് സ്മാര്‍ട്ട്ഫോണാണ്..ഫീലിങ് നൊസ്റ്റാള്‍ജിക് ടു കേരളള എന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കിട്ടിയ ലൈക്കും ഷെയറും നോക്കിയിരിക്കെയാണ് ഇന്നാണല്ലോ കേരളത്തിലേക്ക് പോകേണ്ടതെന്ന് മാവേലി ഓര്‍ത്തത്. കഴിഞ്ഞ തവണ ഓണം പ്രളയത്തില്‍ മുങ്ങിയതിന്റെ ക്ഷീണം ഇത്തവണ തീര്ക്കണമെന്നോര്ത്തപ്പോഴാണ് ഇത്തവണയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത്. എങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ വള്ളത്തിലിരുന്ന് പ്രജകളെ കാണേണ്ടി വരരുതേ എന്ന പ്രാര്‍ത്ഥനയോടെ മാവേലി യാത്ര തിരിച്ചു.
ട്രാവലിങ് ടു കേരളളഎന്ന പോസ്റ്റിന് താഴെ ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വാട്സ്ആപ്പില്‍ ഒരു സ്റ്റാറ്റസുമിട്ട് മാവേലി യാത്ര തുടങ്ങി. തിരോന്തോരത്തെ പപ്പനാവനെന കണ്ടാകാം തുടക്കം എന്ന ചിന്തയില്‍ മാവേലി ആദ്യമെത്തിയത് തിരുവന്തപുരത്താണ്. കപ്പടാമീശയും കിരീടവുമൊക്കെയായി റോഡിലിറങ്ങിയ മാവേലി കണ്ടത് തന്റെ രൂപത്തില്‍ കടകളുടെ മുമ്പില്‍ നില്ക്കുന്ന റെഡിമെയ്ഡ് മാവേലിമാരെ. പത്മനാഭനെ കണ്ട് മാവേലി വീണ്ടും യാത്ര തുടര്‍ന്നു.
ഇനി എങ്ങോട്ട് എന്ന് ചിന്തയില്‍ നില്‍ക്കുമ്പോഴാണ് അരികിലൂടെ എന്തോ ഒന്ന് വലിയ ശബ്ദത്തോടെ പാഞ്ഞുപോയത്. പിന്നീടാണ് മനസിലായത്, വണ്ടി ഭ്രാന്തന്മാരായ ഫ്രീക്കന്മാരാണതെന്ന്. അപ്പോഴാണ് മാവേലി ഓര്‍ത്തത്, താനും പ്രജകളും ലൈക്കും ഷെയറും നല്കിയ കേരള പോലീസിന്റെ പേജിലേക്ക് കുറേ സംശയങ്ങള്‍ അയച്ചിരുന്ന കാര്യം. അതൊക്കെ നോക്കിയശേഷമാകാം അടുത്ത യാത്ര എന്ന് ചിന്തിച്ച് മാവേലി ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു. പോലീസിലെ ട്രോളര്‍മാര്‍ മടുപടി അയച്ചിട്ടുണ്ട്. ഒന്നു നോക്കിയേക്കാം.
ബൈക്കിന്റെ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റോ? ഇതെന്താ ഇങ്ങനെയൊരു നിയമം? അതിനും പെറ്റിയടക്കണോ?
ന്റെ പൊന്നു മാവേലി... ഈ ചോദ്യം കേട്ട് കേട്ട് മടുത്തു. ആദ്യം നമ്മള് മനസ്സിലാക്കേണ്ട കാര്യം ഹെല്‍മെറ്റ് ധരിക്കേണ്ടത് നമ്മുടെ സുരക്ഷക്ക് വേണ്ടിയാണെന്നതാണ്. ഇരുചക്ര വാഹന അപകടങ്ങളില്‍ കൂടുതലും മരണം സംഭവിക്കുന്നത് തലക്ക് ഏല്ക്കുന്ന ക്ഷതം കാരണമാണ്. അതില്‍ നിന്നു രക്ഷ നേടാനാണ് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്. അപകടം ഉണ്ടായാല്‍ ഓടിക്കുന്ന ആളെ മാത്രമാണോ അത് ബാധിക്കുന്നത്? അല്ലല്ലോ... അപ്പൊള്‍ പിന്നെ പിറകിലിരിക്കുന്നയാളും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം. കൃത്യമായി നിയമം പാലിച്ചാല്‍ പിന്നെ പെറ്റി അടക്കേണ്ട ആവശ്യം വരുന്നില്ലല്ലോ. നിങ്ങള്‍ അടക്കുന്ന പെറ്റി തുക പോലീസിന്റെ വട്ടച്ചെലവിനാണെന്നുള്ള തെറ്റിധാരണയും ദയവ് ചെയ്തു മാറ്റിവയ്ക്കുക. റെസിപ്റ്റ് പ്രകാരം നിങ്ങളില്‍ നിന്നും ഈടാക്കുന്ന തുക കൃത്യമായി സര്‍ക്കാര്‍ ട്രഷറികളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ ടിക്ടോക്കുകളുടെ കാലമാണല്ലോ? ഇത്തരം വീഡിയോകള്‍ ദുരുപയോഗം ചെയ്യുന്നവരുമുണ്ടാകും. അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ എന്തു ചെയ്യണം? അവര്‍ക്ക് ശിക്ഷ കിട്ടുമോ?
സമൂഹ മാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ് നമ്മള് മലയാളികള്‍. ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്ന ടിക് ടോക്കിലും നമ്മള് പൂത്തുമ്പിയും കുരളമാമിയുമൊക്കെ പാടി മുന്നില്‍ തന്നെയുണ്ട്. അതെല്ലാം നല്ലതിന് തന്നെ. എങ്കിലും ചിലര്‍ അവയുടെ പോസിറ്റീവ് സാദ്ധ്യതകള്‍ക്കു പകരം വ്യക്തിഹത്യയും വ്യാജപ്രചരണവുമൊക്കെ നടത്താന്‍ വേണ്ടി മാത്രമുള്ള മീഡിയം ആയി സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളുമായി ആരോഗ്യപരമായ ബന്ധം സ്ഥാപിക്കുന്നതിനും, അത് വഴിയുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു നടപടി കൈക്കൊള്ളുന്നതിനും വേണ്ടിയാണ് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ എന്‍ട്രി. ടിക് ടോകിലും ഫേസ് ബുക്കിലും മാത്രമല്ല ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഷെയര്‍ ചാറ്റ്, യു ട്യൂബ് എന്നിവയിലും പോലീസിന് സജീവമായ ഔദ്യോഗിക അക്കൗണ്ടുകള്‍ ഉണ്ട്. ഇതില്‍ കൂടിയൊക്കെ ഇത്തരം കുറ്റകൃത്യങ്ങളെ ഞങ്ങളുടെ മുന്നിലെത്തിക്കാന്‍ സൗകര്യമുണ്ട്. മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും നടപടിയെടുക്കാനും കേരള പോലീസിന് സൈബര്‍ ഡോം, സൈബര്‍ സെല്ലുകള്‍ എന്നിവയുള്‍പ്പെടുന്ന ശക്തമായ സൈബര്‍ സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പായും ലഭിക്കും.
ബസില്‍ സ്ത്രീകളുടെ സംവരണ സീറ്റിനെച്ചൊല്ലിയുള്ള സംശയം ഇപ്പോഴും നിലനില്ക്കുന്നു. സംവരണ സീറ്റില്‍ പുരുഷന്മാര്ക്ക് ഇരുന്നുകൂടേ?
ഇത്രത്തോളം സംശയത്തിന്റെ കാര്യമൊന്നുമില്ല. ദീര്‍ഘദൂര സര്‍വീസുകളില്‍ റിസര്‍വേഷന്‍ ആണ് ഇക്കാര്യത്തില്‍ പരിഗണിക്കുന്നത്. മറ്റു സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ സ്ത്രീകള്‍ ഇല്ലാത്തപക്ഷം മാത്രമേ പുരുഷന്മാര്ക്ക് യാത്ര ചെയ്യാനാകൂ. എന്നാല്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വരും.
സോഷ്യല്‍ മീഡിയയില്‍ കൂടി സ്ത്രീകളെ അധിക്ഷേപിച്ച് പൊങ്കാലയിടുന്നത് പതിവാണ്. ഇത്തരക്കാരെ എന്തു ചെയ്യണം?
സോഷ്യല്‍ മീഡിയ വഴിയല്ല, മറ്റ് ഏത് തരത്തിലാണെങ്കിലും സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാനും, അതിനെതിരെ നടപടി സ്വീകരിക്കാനും കേരള പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. എത്രയും വേഗം ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് വേണ്ടത്. സ്ത്രീകളായത് കൊണ്ട് പോലീസ് സ്റ്റേഷനില്‍ പോകാന്‍ പാടില്ലായെന്ന പാണ്ഡവന്റെ കാലത്തെ പൊതുചിന്ത ഒക്കെ മാറ്റി വച്ച് പരാതി നല്കാന് തയ്യാറാകണം. പോലീസിനെ പേടിയോടെ കാണേണ്ട കാലമൊക്കെ മാറി. ഞങ്ങളെല്ലാം നിങ്ങടെ ചങ്ക് ബ്രോസ് അല്ലേ...
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലെ ട്രോളുകള്‍ കാണാറുണ്ട്. അതില്‍
സ്ത്രീകള്‍ക്ക് പരാതി പറയാനുള്ള സൗകര്യമുണ്ടോ?
ഔദ്യോഗിക പേജില്‍ ഞങ്ങള്‍ നല്കുന്ന ചില പോസ്റ്റുകള്‍ ട്രോള്‍ രൂപത്തില്‍ അവതരിപ്പിക്കുന്നുവെന്നു കരുതി അതൊരു ട്രോള്‍ പേജ് ആക്കരുത് കേട്ടോ... ഗൗരവമായ വിഷയങ്ങള്‍ അതേ ഗൗരവത്തില്‍ തന്നെയാണ് പേജില്‍ അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് മറ്റു സ്ത്രീ സൗഹാര്‍ദ്ദ ഇടങ്ങളിലെപ്പോലെ തന്നെ ഈ പേജിലും ഇടപെടാം. പരാതികളോ സംശയങ്ങളോ പങ്കുവയ്ക്കാം. സംശയങ്ങള്‍ക്ക് ഉടനടി നിവാരണമുണ്ടാകും. പേജ് വഴി പരാതികള്‍ സ്വീകരിക്കാന്‍ തല്ക്കാലം നിര്‍വാഹമില്ലാത്തതിനാല്‍, എത്രയും വേഗം നടപടി ഉണ്ടാകുന്ന തരത്തില്‍ ആ പരാതി എവിടെ നല്‍കണമെന്ന മാര്‍ഗനിര്‍ദേശം പേജില്‍ നിന്നും ലഭിക്കും.
രാത്രി യാത്രയില്‍ സ്ത്രീ സുരക്ഷയ്ക്കായി ബന്ധപ്പെടാവുന്ന നമ്പറുകള്‍?
1091 ഉണ്ട്, 1515 ഉണ്ട്, 112 ഉണ്ട്... അത്യാവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിലേക്കുള്ള സേവനങ്ങളുടെ നമ്പറുകളാണ് ഈ പറഞ്ഞത്. ഇതില്‍ 1091 വനിതാ ഹെല്പ് ലൈന്‍ നമ്പറാണ്. 1515 ല്‍ വിളിച്ചാല്‍ പിങ്ക് പോലീസ് സഹായം ലഭിക്കും. അടിയന്തരഘട്ടങ്ങളില്‍ സഹായത്തിനായി 112 എന്ന നമ്പറിലും വിളിക്കാം. ഇതിനെല്ലാം പുറമെ ഹൈവേയില്‍ സഹായത്തിനായി 9846100100 എന്ന നമ്പറിലും ബന്ധപ്പെടാം.
ആഡംബര വിവാഹങ്ങളും അതിനോടനുബന്ധിച്ചുള്ള കോലാഹലങ്ങളും വര്‍ദ്ധിച്ചുവരുന്നു. ഇതിനെതിരെ നടപടിയെടുത്തു കൂടെ?
പരിധിവിടുന്ന ആഘോഷങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കും. ആഢംബരം ഒഴിവാക്കാന്‍ സ്വയം തീരുമാനം എടുക്കണം. വിവാഹ ആഘോഷങ്ങളില്‍ അതിരു കടക്കുന്ന കോലാഹലങ്ങള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തീരാറുണ്ട്. ഇത് സ്വയം മനസ്സിലാക്കി പിന്മാറുകയാണ് വേണ്ടത്. ഉണക്കമീന്‍ ചുട്ടു കഴിക്കുന്നോര്‍ക്ക് ഭയങ്കര രുചിയായിരിക്കും... പക്ഷെ ചുറ്റുമുള്ളോര്ക്ക് അങ്ങനല്ലല്ലോ... അല്ലേ തിരുമേനി...
പബ്ലിക് സര്‍വീസ് വാഹനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ആ വാഹനം പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ജീവനക്കാര്‍ക്ക് ബാധ്യതയുണ്ടായിരിക്കും. എന്നാല്‍ പൊല്ലാപ്പോര്‍ത്ത് ആരും ഇതിന് തയാറാകുന്നില്ല. അതിനെന്താ പരിഹാരം?
പബ്ലിക് സര്‍വീസ് വാഹനങ്ങളില്‍ വച്ച് സ്ത്രീകള്‍ക്ക് ദുരനുഭവം നേരിടേണ്ടതായി വന്നാല്‍ സ്ത്രീ സുരക്ഷാ സംവിധാനത്തിനായി കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നമ്പറുകളില്‍ വിളിച്ചു സഹായം ആവശ്യപ്പെടാം. നടപടികള്‍ പോലീസ് സ്വീകരിക്കും. നിയമം കയ്യിലെടുക്കാതെ കൃത്യം ചെയ്തയാളെ പോലീസിന് കൈമാറാനും, ദുരനുഭവത്തിനു ഇരയായവര്‍ക്ക് ഒപ്പം നില്‍ക്കാനും തക്കവിധം സഹയാത്രികരുടെ മനോഭാവവും മാറേണ്ടതുണ്ട്. ഒരു സ്ത്രീക്ക് ഇത്തരത്തിലൊരു അപമാനമോ മറ്റോ നേരിടേണ്ടി വന്നാല്‍ അവള്‍ക്കൊപ്പം നില്‍ക്കാനും, പ്രതികരിക്കാനും സ്ത്രീ യാത്രികര്‍ പോലും തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്. പുലിവാലാകുമെന്നോ, സ്വന്തം കാര്യം സിന്ദാബാദെന്നോ ഒക്കെയുള്ള ഈ തെറ്റായ മനോഭാവം മാറണം. പോലീസിനൊപ്പം ജനങ്ങളും ഒരുമിച്ചു നിന്നാല്‍ മാത്രമേ ആരോഗ്യപരമായ മാറ്റങ്ങള്‍ കൊണ്ട് വരാനാകൂ.
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് യാത്ര ദുരിതമാണ്. യാത്രക്കാര്‍ കയറിയ ശേഷമേ കയറാവൂ, സീറ്റുണ്ടെങ്കിലും ഇരിക്കരുത്. ഇതിനൊരു മാറ്റമില്ലേ?അല്ല... അങ്ങനെ ആര് പറഞ്ഞു...
ചെറുപ്പക്കാര്‍ ഇരുചക്ര വാഹനങ്ങളില്‍ അവര്‍ക്കിഷ്ടമുള്ള രീതിയിലുള്ള മാറ്റങ്ങള്‍ നടത്തുന്നു. ഇതിനുള്ള ശിക്ഷയെന്താണ്?
ഇങ്ങടെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ... പൂര്‍ത്തിയായി... കാക്കിയിട്ടതെല്ലാം പോലീസ് എന്നതാണ് നമ്മുടെ പൊതുധാരണ. മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിനായുള്ള മോട്ടോര്‍ വാഹന വകുപ്പിനെക്കുറിച്ചു അറിയാമെങ്കിലും അതിലും പഴി പോലീസിനാണ്. അപ്പോള്‍ ചോദിക്കും പിന്നെന്തിനാ പോലീസ് പിടിക്കുന്നതെന്ന്? നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നിയമം പരിപാലിക്കേണ്ടുന്ന ഉദ്യോഗസ്ഥരെന്ന നിലയ്ക്ക് നടപടി സ്വീകരിക്കേണ്ടത് പോലീസിന്റെയും ഉത്തരവാദിത്തത്തില്‍ വരുമെന്നതിനാലാണ് ഇക്കാര്യങ്ങളില്‍ പോലീസ് ഇടപെടല്‍ ഉണ്ടാകുന്നത്. അല്ലാതെ മോഡിഫൈ ചെയ്ത വാഹനങ്ങള്‍ പിടിക്കാന്‍ പോലീസ് മുന്നിട്ടിറങ്ങിയതല്ല. മോഡിഫിക്കേഷന് പിടിക്കപ്പെട്ടാല്‍ വാഹനം രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും വയലേറ്റ് ചെയ്തതിനുള്ള പിഴ ഒടുക്കേണ്ടതുള്പ്പെടയുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടി വരും.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാല്‍ ആരാണ് ഉത്തരവാദി?
അമിതവേഗത്തിലും അശ്രദ്ധമായും പാഞ്ഞു നിരത്തുകളില്‍ പൊലിയുന്ന കുരുന്നു ജീവനുകള്‍ക്ക് ഉദാഹരണങ്ങള്‍ ദിനവും മാധ്യമങ്ങളില്‍ കാണാറുണ്ട്. റോഡിലെ മറ്റു യാത്രക്കാര്‍ക്കും ഇത്തരക്കാര്‍ അപായമുണ്ടാക്കാറുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് ഓടിക്കാന്‍ വാഹനം നല്‍കാതെ അവരുടെ സുരക്ഷിതത്വം നോക്കേണ്ടത് രക്ഷകര്ത്താക്കളല്ലേ? നമ്മുടെ നിയമവും ആ വഴിക്കു തന്നെയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിക്കുന്ന വാഹനം അപകടത്തില്‍ പെട്ടാലോ, പിടിക്കപ്പെട്ടാലോ രക്ഷാകര്ത്താവിനാണ് പൂര്‍ണ്ണ ഉത്തരവാദിത്തം. വാഹന ഉടമ മറ്റൊരാള്‍ ആണെങ്കില്‍ അയാള്‍ക്കും നിയമനടപടി നേരിടേണ്ടതായി വരും.
മുന്നറിയിപ്പുകളും ബോധവത്ക്കരണ വീഡിയോകളും സുരക്ഷാപാഠങ്ങളുമൊക്കെ ഇനി പോലീസ് ടിക് ടോക്കിലൂടെ പങ്കുവയ്ക്കുമെന്നൊരു വാര്‍ത്ത കണ്ടു? കാക്കിക്കുള്ളിലെ കലാകാരന്മാര് രണ്ടും കല്പ്പിച്ചാണല്ലേ?
പോലീസ് നല്കുന്ന ബോധവല്ക്കരണങ്ങളും, മുന്നറിയിപ്പുകളുമൊക്കെ എല്ലാവരിലേക്കും എത്തിച്ചു പൊതുജങ്ങളുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പൊതുജനത്തിന് ഇഷടപ്പെടുന്ന വഴികള്‍ ഞങ്ങള്‍ സ്വീകരിച്ചപ്പോള്‍ അവര്‍ ഞങ്ങളെയും സ്വീകരിച്ചു. നല്കുന്ന സുരക്ഷാപാഠങ്ങള്‍ എല്ലാവരിലേക്കും എത്തണമെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. അതിനായി ഫേസ്ബുക്കില്‍ മാത്രമല്ല, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഷെയര്‍ ചാറ്റ്, യു ട്യൂബ് എന്നിവക്കു പുറമെ കേരളീയര്‍ക്ക് ഇപ്പോ പ്രിയങ്കരമായ ടിക് ടോക്കിലും പോലീസ് ഔദ്യോഗിക അക്കൗണ്ട് തുറന്നിട്ടുണ്ട്. പൊതുജനത്തിന്റെ പിറകെ നടക്കാനല്ല. ഒപ്പം നടക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.
നമ്മെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ കേസില്‍ പരാതി നല്കിയാല് എന്തു നടപടിയുണ്ടാകും?
തെളിവുകള്‍ ഒക്കെ കണ്ടെത്താന്‍ ഇച്ചിരി പാടായിരിക്കുമല്ലോ സഹോ... സാക്ഷികളെ എവിടുന്നു കൊണ്ടുവരും. അതെല്ലാം പോട്ടെ. അതൊക്കെ കടന്നു അങ്ങയുടെ പരാതി പ്രകാരം ഞങ്ങള്‍ വാമനനെ പൊക്കിയാല്‍ അങ്ങ് വാമനനോട് വിശ്വാസവഞ്ചന ചെയ്തതിനു തുല്യമാകില്ലേ? അങ്ങ് പറഞ്ഞിട്ടല്ലേ പുള്ളി ആ കൃത്യം ചെയ്തത്. എന്നിട്ട് നിങ്ങ ഈ പരിപാടി ചെയ്താ നമ്മുടെ മലയാളി ബ്രോസ് ഇങ്ങക്ക് തന്നേക്കുന്ന ലൈകും ലവുമൊക്കെ തിരിച്ചെടുത്തു അങ്ങയെ അങ്ങ് അണ്‍ഫോളോ ചെയ്യും. അത് വേണോ? എപ്പോഴും കൂടെയുണ്ടായിരുന്നാലും ഒരു വില കാണില്ല മാവേലി ബ്രോ... അങ്ങയുടെ വരവ് തന്നാ കറക്റ്റ്.
ട്രോളി ട്രോളി ഈ പാവം എന്നോടോ ബാലാ? സോറി പോലീസേ, അല്ല എനിക്കൊരു സംശയം. മൃദു ഭാവേ ദൃഡ കൃതേ എന്ന ആപ്ത വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത്?
polite but firm ചുരുക്കി പറഞ്ഞാല്‍ ജാവ സിമ്പിള്‍ ആണ്. ബട്ട് പവര്‍ഫുള്‍. പവര്‍ഫുള്ളാണ്. ആവൂ, സന്തോഷമായി. അപ്പോ നാമില്ലെങ്കിലും പ്രജകളുടെ കാര്യങ്ങളൊക്കെ നോക്കാന്‍ ഇവിടെ ആളുകളുണ്ടല്ലോ? അപ്പോള്‍ പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ വന്നുപോകുന്നതാ ബുദ്ധി. അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ. ഇനി നേരം വൈകണ്ട. നമ്മെ കാണാതെ പ്രജകള്‍ ബുദ്ധിമുട്ടണ്ട. സന്ദര്‍ശനം മതിയാക്കി നേരത്തെ തിരിച്ചു പോകണം. അല്ലെങ്കില്‍ നേരത്തെ കണ്ട റെഡിമെയ്ഡ് മാവേലിമാരാരെങ്കിലും പാതളത്തില് കുമ്മനടിച്ചാലോ? എന്റെ എല്ലാ പ്രജകള്‍ക്കും നന്മയുടെയും ഐക്യത്തിന്റെയും പൊന്നോണക്കാലം ആശംസിക്കുന്നു. എന്നാ പി
ന്നെ നുമ്മ അങ്ങോട്ട്. അപ്പോ പൊളിക്ക്വല്ലേ ബ്രോസ്...
വിവരങ്ങള്‍ക്ക് കടപ്പാട്
അരുണ്‍ ബി.റ്റി
സിവില്‍ പോലീസ് ഓഫീസര്‍
സോഷ്യല്‍ മീഡിയ സെല്‍
കേരള പോലീസ്.
അശ്വതി അശോക്