
ഗര്‍ഭിണികള്‍ അതി സൂക്ഷ്മതയോടെയാണ് ഗര്‍ഭകാലം ചെലവഴിക്കുന്നത്. ലേബര്‍ റൂമിലേയ്ക്ക് പ്രസവത്തിനായി കൊണ്ടുപോകുന്ന ആ നിമിഷം ഗര്‍ഭിണിയും ഒപ്പം ഭര്‍ത്താവും വീട്ടുകാരും ആശങ്കയിലായിരിക്കും. ആ സമയത്ത് ആശുപത്രിയില്‍ നൃത്തം ചെയ്യുക എന്നത് ചിന്തിക്കാന്‍ കൂടി വയ്യ.
എന്നാല്‍, ഒരു പൂര്‍ണ്ണ ഗര്‍ഭിണിയുടെ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഴിക്കോട് ചേവരമ്പലം സ്വദേശി സ്വാതി കൃഷ്ണയാണ് നൃത്തത്തിലൂടെ ശ്രദ്ധ നേടിയത്. പ്രസവത്തിന് തൊട്ടു മുന്പുളള ദിവസമായിരുന്നു നൃത്തം. 'നൃത്തം ചെയ്യണമെങ്കില്‍ ചെയ്തോളൂ' എന്ന ഡോക്ടറുടെ വാക്കുകളാണ് ആശുപത്രിയുടെ ചുവരുകള്‍ക്കുള്ളില്‍ നാലര മിനിട്ടോളം നൃത്തം ചെയ്യാന്‍ സ്വാതിക്ക് ധൈര്യം പകര്‍ന്നത്. പിന്നീട് ഒരു മകള്‍ക്ക് ജന്മം നല്കി.
നൃത്ത അധ്യാപിക കൂടിയാണ് സ്വാതി. മകളെയും നല്ത്തകിയാക്കണമെന്നാണ് ആഗ്രഹം. ഗര്‍ഭകാലത്ത ആദ്യ മൂന്ന് മാസം വരെ സ്വാതി നൃത്തം ചെയ്തിരുന്നു. മകളുടെ ആഗ്രഹത്തെ അല്‍പ്പം ഭയത്തോടെ പിന്തുണച്ച അമ്മ തന്നെയാണ് നൃത്തം മൊബൈലില്‍ പകര്‍ത്തിയത്.






