ന്യൂഡല്‍ഹി: അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ബി.ജെ.പി നേതാവ് സാംബിത് പാത്ര. ചാനല്‍ ചര്‍ച്ചയില്‍ ഉത്തരം മുട്ടിയിരിക്കുന്ന സാംബിത് പാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭാണ് സാംബിത് പാത്രയെ ഉത്തരം മുട്ടിച്ചത്. മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന പേരില്‍ സാംബിത് പാത്ര അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് വക്താവ് ഈ ചോദ്യം ഉന്നയിച്ചത്.
ഹിന്ദി ചാനലായ എ.ബി.പി ന്യൂസ് സംഘടിപ്പിച്ച എ.ബി.പി ശിക്കാര്‍ സമ്മേളന് എന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോഡിയുടെ അഞ്ച് ട്രില്യണ്‍ എക്കണോമിയെക്കുറിച്ച് വാചാലനാകുന്നതിനിടെയാണ് അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ചോദിച്ചത്. ഉത്തരം പറയാന്‍ മൈക്ക് കയ്യിലെടുത്ത ഈ ചോദ്യം രാഹുല്‍ ഗാന്ധിയോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വക്താവ് വിട്ടില്ല, വീണ്ടും പരുങ്ങി നിന്ന സാംബിത് പത്ര 12 പൂജ്യങ്ങളെന്ന് മറുപടി നല്കി.
Video Courtesy : ABP news pic.twitter.com/YEKmjcHV9N
— Arun (@ArunMolasi) September 14, 2019
രാജ്യത്തെ സാമ്പത്തിക സ്ഥിതിയേയും ജി.ഡി.പിയേയും കുറിച്ച് ചോദിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയേയും മഹാത്മാ ഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്റുവിനേയും ചോദ്യം ചെയ്യുന്ന ബി.ജെ.പി വക്താക്കളെ ഗൗരവ് വല്ലഭ് പരിഹസിക്കുകയും ചെയ്തു.






