
ചെന്നൈ : ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് നിവേദനവുമായി 70 കാരന്. തമിഴ്നാട് രാമനാഥപുരം സ്വദേശിയായ മലൈസാമിയാണ് വിചിത്ര ആവശ്യവുമായി ഭരണകൂടത്തിന് മുന്‍പാകെ എത്തിയിരിക്കുന്നത്.
വിവാഹം കഴിച്ചുനല്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെ ആയിരുന്നു സംഭവം. പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാനാണ് പ്രതിവാര യോഗം നടത്തുന്നത്.
ബാഡ്മിന്റണ്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായ പി.വി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും സിന്ധുവിനെ വിവാഹം കഴിക്കാനുള്ള താത്പര്യം വ്യക്തമാക്കുന്ന കത്തും കൊണ്ടായിരുന്നു മലൈസാമി കളക്ട്രേറ്റില്‍ എത്തിയത്. നിവേദനം വായിച്ചു നോക്കിയ കളക്ടറും ഞെട്ടി. 'താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു. സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ തനിക്ക് വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.'






