
ന്യുഡല്‍ഹി: പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമപ്രകാരം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലും നോയിഡയിലും ഇന്ന് വാഹന പണിമുടക്ക്. ക്ലസ്റ്റര്‍ സര്‍വീസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ റിക്ഷകള്‍, ആപ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം കാബുകള്‍, ഗ്രാമീണ്‍ സേവ, സ്കൂര്‍ വാനുകള്‍ എന്നിവയെല്ലാം ഇന്ന് റോഡില്‍ ഇറങ്ങിയിട്ടില്ല.
ഗതാഗതം ഏറെക്കുറെ സ്തംഭിച്ച സ്ഥിതിയിലാണ്. ഇതോടെ ഡല്‍ഹിയിലും നോയിഡലും ഒട്ടുമിക്ക സ്വകാര്യ സ്കൂളുകളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. നോയിഡയില്‍ പല കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഇന്ന് അവധി പ്രഖ്യാപിച്ചു.
മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിയില്‍ പ്രതിഷേധിച്ച് 41 അസോസിയേഷനുകളും യൂണിയനുകളും ഉള്‍പ്പെടുന്ന യുണൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇന്നു രാവിഃല 6 മുതല്‍ രാത്രി 9.30 വരെ ഒരു സ്വകാര്യ, കൊമേഴ്ഷ്യല്‍ വാഹനവും നിരത്തിലിറങ്ങില്ലെന്ന് ഇവര്‍ പറയുന്നു.
പുതുക്കിയ നിയമത്തിലെ ഭീമമായ പിഴത്തുക ഒഴിവാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത്തരത്തില്പിഴ ചുമത്തുന്നത് അഴിമതിക്ക് ഇടയാക്കുക മാത്രമാണ് ചെയ്യുക എന്നും ഇവര്‍ ആരോപിക്കുന്നു.






