ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വീണ്ടും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്കിസഥാനുമായി നെഹ്റു അനവസരത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്നും അല്ലാത്ത പക്ഷം പാക് അധിനിവേശ കശ്മീര്‍ ഉണ്ടാകില്ലായിരുന്നെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുംബൈയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അന്ന് നെഹ്റു അനവസരത്തിലാണ് പാക്കിസ്ഥാനോട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇല്ലായിരുന്നെങ്കില്‍ പാക് അധിനിവേശ കശ്മീര്‍ ഉണ്ടാകുമായിരുന്നില്ല. നെഹ്റുവിന് പകരം സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അമിത് ഷാ തുടക്കം കുറിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഹിതപരിശോധന ആകുമെന്ന് അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന് അവകാശപെട്ട അമിത് ഷാ വിഷയത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.






