
വട്ടിയൂര്ക്കാവില് ഉപതെരഞ്ഞടുപ്പില് സിപിഎം സ്ഥാനാര്ഥിയായി തന്നെ പരിഗണിക്കുന്ന കാര്യം താന് അറിഞ്ഞിട്ടില്ലെന്ന് ഐഎഎസ് പദവി രാജിവച്ച കണ്ണന് ഗോപിനാഥന്. രസകരമായ ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം ഊഹാപോഹങ്ങള് അവസാനിപ്പിച്ചത്. വട്ടിയൂര്ക്കാവ് ഉപതിരഞ്ഞെടുപ്പില് പ്രമുഖരായ സ്ഥാനാര്ഥിക്കള്ക്കൊപ്പം കണ്ണന് ഗോപിനാഥന്റെ പേരും ഉയര്ന്നതായി കഴിഞ്ഞ ദിവസം വാര്ത്തകള് പുറത്തു വന്നിരുന്നു.
ഇതേക്കുറിച്ചുളള അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ : സ്കൂളില് പഠിച്ച കാലത്ത് എനിക്കൊരു പെണ്കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് സ്കൂളില് എല്ലാവര്ക്കും അറിയാമായിരുന്നു. ആ കുട്ടിക്കൊഴികെ! . അതുപോലെ ആണ് ഈ വട്ടിയൂര്ക്കാവു നിയമസഭാ തിരഞ്ഞെടുപ്പ് കാര്യം. എനിക്ക് ഒഴികെ എല്ലാവര്ക്കും അറിയാം!.
കശ്മീരിന് പ്രത്യേക അവകാശം നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയതില് പ്രതിഷേധിച്ചാണ് കണ്ണന് ഗോപിനാഥന് ഐഎഎസ് പദവി രാജിവച്ചത്. സര്വീസില് നിന്നും രാജിവയ്ക്കുന്നതിനായി കാണിച്ച് ഓഗസ്റ്റ് 21 നാണ് കണ്ണന് ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നല്കിയത്. വട്ടിയൂര്ക്കാവ് ഉപതെരഞ്ഞടുപ്പിലേക്കുളള സിപിഎം സ്ഥാനാര്ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്ട്ടുകള്.







Comments