
തിരുവനന്തപുരം: കിഫ്ബിയില്‍ ഒരു വെട്ടിപ്പും തട്ടിപ്പും നടക്കില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. കിഫ് ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. മസാല ബോണ്ടടക്കം എല്ലാ വിവരങ്ങളും ലഭ്യമാക്കും. സി.എ.ജിയുടെ കത്തിന് മറുപടി നല്‍കുമെന്നും ഡോ.തോമസ് ഐസക് പറയുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതേസമയം, സി.എ.ജി എന്തുകൊണ്ടാണ് നിരന്തരം കത്തയക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കനുള്ള കര്‍ശന വ്യവസ്ഥ കിഫ്ബിയിലുണ്ട്. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ കരുവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
കിഫ്ബിയില്‍ ഒരു വെട്ടിപ്പും തട്ടിപ്പും നടക്കില്ല. 12 കിഫ്ബി പദ്ധതികള്‍ക്ക് പരിശോധനയ്ക്കു ശേഷം സ്റ്റോപ്പ് മെമ്മോ നല്കി. സര്‍ക്കാര്‍ പണം നല്കുന്ന സ്ഥാപനത്തില്‍ സിഎജിക്ക് ഓഡിറ്റ് ചെയ്യാന്‍ ഒരു തടസ്സവുമില്ല. അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള ഓഡിറ്റ് നടത്താനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. കിഫ്ബി സ്വന്തമായി ഒരു ഓഡിറ്ററേയും വച്ചിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് കിഫ്ബി നിയമത്തില്‍ പറയുന്നുണ്ട്. എല്ലാ കരാറുകളും വെബ്സൈറ്റിലും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
മസാല ബോണ്ട് പരിശോധിക്കാന്‍ 14(1) പ്രകാരം സി.എ.ജിക്ക് അധികാരമുണ്ട്. മസാല ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സി.എ.ജിക്ക് കൊടുക്കാം. രേഖകള്‍ പരിശോധിക്കാന്‍ ഒരു തടസ്സവുമില്ല. കിഫ്ബി പൂട്ടിപ്പോകുമെന്ന് ആരും കരുതേണ്ട. ആറു മാസം കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മാറ്റം കാണാം. അതു മുന്നില്‍കണ്ടാണ് പ്രതിപക്ഷത്തിലെ ഒരു വിഭാഗം രംഗത്തു വരുന്നത്. കിഫ്ബിയിലേത് കരാര്‍ നിയമനമാണ്. നല്ല ഉദ്യോഗസ്ഥരെ ആകര്‍ഷിക്കാന്‍ നല്ല ശമ്പളം നല്‍കേണ്ടിവരും. 50,000 കോടിയുടെ വരുമാനം കൊണ്ടുവരുന്ന സ്ഥാപനത്തിന് ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളം കൊടുത്തുന്നത് ധൂര്‍ത്തല്ലെന്നും അദ്ദേഹം പറഞ്ഞു.






