
പേടിപ്പെടുത്തുന്ന പോലീസ് സ്റ്റേഷന് മറ്റുള്ളവര്‍ക്ക് പ്രചോദമാകുന്ന മാതൃകാ കേന്ദ്രമായി മാറ്റിയെടുത്ത റ്റി.ജെ. അല്‍ബര്‍ട്ടിന്റെ 'കാക്കിബുദ്ധി'യാണ് ചെങ്ങരംകുളം സ്റ്റേഷനെ ശ്രദ്ധേയമാക്കുന്നത്. മലപ്പുറം തൃശ്ശൂര്‍ ചെങ്ങരംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ റ്റി.ജെ. ആല്‍ബര്‍ട്ടിന്റെ മനസില്‍ വിരിഞ്ഞ ആശയമാണ് ഇന്നീ സ്റ്റേഷനെ മനോഹര ഇടമാക്കി ഒരുക്കിയിരിക്കുന്നത്.
കുമിഞ്ഞുകൂടിയ പിടിച്ചെടുത്ത വാഹനങ്ങളും, കാടുകയറി കിടന്ന സ്റ്റേഷന്റെ സ്ഥലത്ത് ഇന്ന് പൂന്തോട്ടവും ഓര്‍ഗാനിക് ഫാമുമാണ്. നിയമം ലംഘിച്ച് പാഞ്ഞ ലോറികള്‍ പിടിച്ചെടുത്തപ്പോള്‍ അത് സ്റ്റേഷന് ഒരു അധികപ്പറ്റായിരുന്നു. ഇന്ന് അതൊരു ആവശ്യകതയായി മാറിയിരിക്കുന്നു. പിടിച്ചെടുത്ത് കിടന്ന രണ്ട് ലോറികളില്‍ ഇന്ന് ആമ്പലും ലില്ലിയും വളര്‍ന്നും മീനുകള്‍ ഓടിക്കളിച്ചും നടക്കുകയാണ്..അതെ അതൊരു മീന്‍ കുളമാക്കി.
ചെങ്ങരംകുളം സ്റ്റേഷനിലേക്ക് താന്‍ ആദ്യമെത്തുമ്പോള്‍ ഇത് വാഹന അവശിഷ്ടങ്ങളും മറ്റും കുമിഞ്ഞു കൂടിയ കൂമ്പാരമായിരുന്നുവെന്ന് റ്റി.ജെ ആല്‍ബര്‍ട്ട് പറയുന്നു. ആലപ്പുഴയില്‍ മാരാരിക്കുളത്ത് മത്സ്യബന്ധനം ഉപജീവനമാക്കിയ പ്രദേശത്തു നിന്നുമാണ് ആല്‍ബര്‍ട്ടിന്റെ വരവ്. അതിനാല്‍ തന്നെ മീന്‍ വളര്‍ത്തലിനെക്കുറിച്ചും മറ്റും ഏകദേശ ധാരണയുണ്ടായിരുന്ന ആല്‍ബട്ട് പോലീസ് സ്റ്റേഷനിലും അത് നടപ്പാക്കാന്‍ ഒരുങ്ങി. ഉപയോഗപ്രദമല്ലാത്ത സാധനങ്ങളും മറ്റും ഉപയോഗിച്ച് പൂന്തോട്ടം ഉള്‍പ്പെടെ ഒരുക്കുന്ന യുട്യൂബിലെ ചില വീഡിയോകളും സഹായകരമായി എന്ന് ആല്‍ബര്‍ട്ട് പറയുന്നു. ഇതുപ്രകാരം മണ്ണില്‍ കുഴിയെടുക്കുന്നതിന് പകരം ഉഇപയോഗമില്ലാതെ കിടന്ന പഴയ ലോറി മീന്‍ കുളമാക്കാനാണ് ആദ്യം തീരുമാനിച്ചത്.
അനധികൃതമായി ഖനനം നടത്തി കടത്തിയതിന് പിടിച്ചെടുത്ത ലോറിയാണ് ആല്‍ബര്‍ട്ട് ആദ്യം തിരഞ്ഞെടുത്തത്. മുകളില്‍ നിന്ന് അനുമതി വാങ്ങിയതിനു ശേഷം ട്രക്കിലെ മണ്ണെല്ലാം നീക്കി പടുത ടര്പോളിന് ഇട്ട് വെള്ളം നിറച്ച് മീനിനേയും വെള്ളത്തില്‍ വളരുന്ന ലില്ലികളും അതില്‍ ഇടുകയായിരുന്നു. ചുവപ്പും വെള്ളയും മോളി, സിലോപി, ഗപ്പി ഉള്‍പ്പെടെ 10 ഓളം വിവിധ അലങ.കാ മത്സ്യങ്ങളാണ് ഈ മീന്‍ കുളത്തില്‍ നീന്തിത്തുടിക്കുന്നത്. കൂടുതല്‍ ആകര്‍ഷമാക്കാന്‍ താമരയും ലില്ലിയും.. മീന്‍ കുളമാക്കി ഒരു വര്‍ഷത്തിനുശേഷം ഈ ട്രക്ക് ലേലത്തില്‍ വില്പന നടന്നതോടെ മറ്റൊരു ലോറിയിലേക്ക് മീന്‍ കുളം മാറ്റി. സ്റ്റേഷന് വളപ്പില്‍ രണ്ട് മീന്‍ കുളമുണ്ട്. അതിനൊപ്പം ഓര്‍ഗാനിക് ഫാമിങ്ങുമാക്കി സ്റ്റേഷനെ മാറ്റാനും ഈ കാക്കി ആശയത്തിന് സാധിച്ചു. ഇത്തരമൊരു ആശയം മറ്റ് പോലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പിലാക്കാമെന്ന പ്രതീക്ഷയും എഎസ്ഐ ആല്‍ബര്‍ട്ട് പങ്കുവെയ്ക്കുന്നു.