
ചാരുംമൂട്(മാവേലിക്കര): വിവാഹാലോചന നടത്തി ലക്ഷങ്ങളുടെ തട്ടിപ്പിനായി സ്വന്തം മരണവും ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി ജില്ലയിലെ അറക്കുളം വില്ലേജില്‍ നാടുകാണി പുളിയ്ക്കല്‍ വീട്ടില്‍ സുമേഷി(35)നെയാണ് ആലപ്പുഴ എടത്വ പച്ചക്കിഴക്ക് മുറിയില്‍ പാറേച്ചിറ വീട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്. മാവേലിക്കര കുറത്തികാട് സ്വദേശിയായ ഗൃഹനാഥന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ മകള്‍ക്ക് വിവാഹാലോചന നടത്തി 7,70,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:പരാതിക്കാരന് ഗള്‍ഫില്‍ നഴ്സായി ജോലി ചെയ്യുന്ന മകളുടെ രണ്ടാം വിവാഹത്തിന് ആലോചനകള്‍ ക്ഷണിച്ചുകൊണ്ട് പത്രപ്പരസ്യം നല്കി. ഇതുകണ്ട സുമേഷ് വിദേശത്തു ജോലി ചെയ്യുന്ന അനുജന് വിഷ്ണുവിനെന്ന വ്യാജേന വീട്ടിലെത്തി വിവാഹം ആലോചിക്കുകയും ചെങ്ങന്നൂര്‍ രജിസ്റ്റര്‍ ഓഫീസിലാണു ജോലിയെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിനിടെ വിഷ്ണുവെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിരന്തരം ബന്ധപ്പെടാനും മെസേജുകള്‍ അയയ്ക്കാന്‍ തുടങ്ങിയതോടെ അടുപ്പം വര്‍ധിച്ചു. വിഷ്ണുവുമായുള്ള വിവാഹം ഉറപ്പിക്കുകയും വിവിധ ചിത്രങ്ങള്‍ വിഷ്ണുവെന്ന വ്യാജേന അയയ്ക്കുകയും ചെയ്തു.
പിന്നീട് വിഷ്ണുവിന് മലേറിയ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ നാട്ടില്‍ എത്തിച്ച് എറണാകുളത്തെ ആശുപത്രിയിലാക്കിയതായും വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്നും ഇവരെ വിശ്വസിപ്പിച്ചു. പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഇവരെ കൊണ്ട് വിഷ്ണുവിന്റെ അളിയനായ സുമേഷിന്റേതെന്ന് പറഞ്ഞ് എടത്വാ ഫെഡറല്‍ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പല തവണകളായി അഞ്ചു ലക്ഷം രൂപ അയപ്പിച്ച് െകെക്കലാക്കി.
ഇതിനിടെ പരാതിക്കാരന്റെ വീട്ടിലെത്തി 2,70,000 രൂപയും വാങ്ങി. രോഗം മൂര്‍ച്ഛിച്ച് വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷ്ണു മരിച്ചെന്നാണ് പിന്നീട് ഇയാള്‍ അറിയിച്ചത്. വിഷ്ണുവിന്റേതെന്ന വ്യാജേന ഫോട്ടോ തയാറാക്കി പരാതിക്കാരന്റെ ഭാര്യയുടെയും മകളുടെയും മൊെബെലിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മൃതദേഹവുമായി വരുമ്പോള്‍ ആംബുലന്‍സ് അപകടത്തില്‍പെട്ട് വിഷ്ണുവിന്റെ ജ്യേഷ്ഠനും മരിച്ചെന്ന് പ്രതിയുടെ സഹോദരിയെന്ന വ്യാജേന പിന്നീട് അറിയിച്ചു.
താന്‍ മരിച്ചു കിടക്കുന്നതായ ഫോട്ടോ സ്വയം ചിത്രീകരിച്ച് മൊെബെലില്‍ പരാതിക്കാരന്റെ മകള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഒപ്പം ''മുഹമ്മയെ കണ്ണീരിലാഴ്ത്തിയ സഹോദരങ്ങള്‍ക്ക് അന്ത്യയാത്ര'' എന്ന തലക്കെട്ടോട്ടുകൂടി പ്രതി തന്നെ വ്യാജമായി സൃഷ്ടിച്ച പത്രവാര്‍ത്ത കട്ടിങ്ങും അയച്ചു. ഇതില്‍ പ്രതിയുടെയും കൂട്ടുകാരന്റെയും പടവും ചേര്‍ത്തിരുന്നു. വിഷ്ണുവിന് ആദരാഞ്ജലികള്‍ എന്ന പോസ്റ്ററും അയച്ചുകൊടുത്തു. സഹോദരിയെന്ന വ്യാജേന ഇയാള്‍ തന്നെ തന്റെ ഫോണില്‍ നിന്നും സഹോദരങ്ങളുടെ മരണത്തിന് ഉത്തരവാദി പരാതിക്കാരന്റെ മകളാണെന്നുള്ള തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുകയും മകളുടെ ഫോട്ടോയുള്ള അപകീര്‍ത്തികരമായ നോട്ടീസുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഇതോടെ വീട്ടുകാര്‍ പരാതി നല്കി. പോലീസ് അന്വേഷണം നടത്തി െസെബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.െവെ.എസ്.പി: അനീഷ്.വി.കോര, മാവേലിക്കര സി.ഐ: പി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറത്തികാട് എസ്.എച്ച്.ഒ: എ.സി.വിപിന്‍, എ.എസ്.ഐ: നിയാസ്, സീനിയര്‍ സി.പി.ഒമാരായ ഹരി, പുഷ്പന്, സി.പി.ഒമാരായ സിജു, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.






