
ചെന്നൈ : തമിഴ് ബിഗ് ബോസ് റിയലിറ്റി ഷേയിലൂടെ ശ്രദ്ധേയായ നടി യഷിക ആനന്ദ് സഞ്ചരിച്ച കാര്‍ ഇടിച്ച് സ്വിഗ്ഗി ഡെലിവറി ബോയിക്ക് പരിക്ക്. ചെന്നൈയില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഡെലിവറി ബോയ് ഭരതിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡരികില്‍ ബൈക്കില്‍ നില്‍ക്കുകയായിരുന്ന ഭരത്തിനെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ആളുകള്‍ കൂടിയതോടെ നടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിനെതിരെ താരം തന്നെ രംഗത്തെത്തിയിരുന്നു. അപകടം നടന്നതിന് പിന്നാലെ താന്‍ രക്ഷപ്പെട്ടിട്ടില്ലെന്നും ഡ്രൈവറെയും മറ്റ് യാത്രക്കാരെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നത് വരെ സംഭവസ്ഥലത്ത് താരം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പറഞ്ഞത്.
തന്റെ പേര് മോശമാക്കാനും പേര് കിട്ടാനും വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് താരം പറഞ്ഞു. സത്യം തെളിയാന്‍ അടുത്തുള്ള ഹോട്ടലിന്റെ സിസിടിവി ദൃശ്യം പരിശോധിച്ചാ മതിയെന്നും, അപകടത്തില്‍ പങ്കില്ലെന്നും താരം കുറിച്ചു. തന്നെ മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും യാഷിക കൂട്ടിച്ചേര്‍ത്തു.
അപകടം ഉണ്ടാകുന്ന സമയത്ത് യാഷികയും ഡ്രൈവറും മദ്യലഹരിയിലായിരുന്നു എന്നും ആരോപണമുണ്ട്. കൂടാതെ അപകടത്തില്‍ സമീപത്തെ കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.






