
'കൈസി യേ യാരിയാൻ', 'ഗുലാം', 'ഇഷ്ക്ബാസ്' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ടെലിവിഷൻ താരം നീതി ടെയ്ലറുടെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മുൻ കാമുകനിൽ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ചാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയുടെ 'അലയൻസ്' എന്ന റിയാലിറ്റി ഷോയിലാണ് നടിയുടെ വെളിപ്പെടുത്തൽ.
'എന്റെ മുൻ കാമുകൻ ഒരിക്കൽ എന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അയാൾ അക്രമാസക്തനും മനോരോഗിയെപ്പോലെ പെരുമാറുന്നയാളുമായിരുന്നു. ഒരിക്കൽ അയാളുടെ പിറന്നാൾ ദിവസം രാത്രിയിൽ ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറി. കാര്യങ്ങൾ വളരെ മോശമായി. അയാൾ എന്നെ അടിച്ചു, അതിനുശേഷം ഞാൻ 'ഗുഡ്ബൈ, സീ യൂ' എന്ന് പറഞ്ഞ് അവിടെനിന്നിറങ്ങി. അക്കാലത്ത് ഞാൻ വെറുമൊരു കുട്ടിയായിരുന്നു. എളുപ്പത്തിൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ള പ്രായമായതിനാൽ ആളുകളുടെ സ്വഭാവം ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു. അയാൾ ഒരു മനോരോഗിയെപ്പോലെയായിരുന്നു', നീതി പറഞ്ഞു.
പതിനഞ്ചാം വയസ്സില്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2009-ല്‍ ' പ്യാര് കാ ബന്ധന്' എന്ന ഷോയിലൂടെയാണ് ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. 'കൈസി യേ യാരിയാന്‍' എന്ന പരമ്പരയിലെ നന്ദിനി മൂര്‍ത്തി എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.






