
ടാറ്റയുടെ കുഞ്ഞന്‍ കാറായ നാനോ എത്തിയത് ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന ആശയവുമായിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ടാറ്റ നാനോ നിര്‍മിക്കുന്നില്ല. എന്നാല്‍ നിലവിലുള്ള സ്റ്റോക്കില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റത് ഒരു നാനോ മാത്രമാണ്. 2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നാനോയുടെ ഉത്പാദനവും വില്‍പ്പനയും നടന്നിരുന്നു. ഈ കാലയളവില്‍ ആഭ്യന്തര വിപണിയില്‍ 297 നാനോ ഉത്പാദിപ്പിക്കുകയും 299 യൂണിറ്റ് വില്‍ക്കുകയും ചെയ്തിരുന്നതായാണ് കമ്പനി വ്യക്തമാക്കുന്നത്. .
കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്ന സുരക്ഷ മാനദണ്ഡങ്ങളും ബിഎസ്-6 എന്‍ജിനും നിലവിലുള്ള നാനോയില്‍ പ്രായോഗികമല്ലെന്ന് ടാറ്റ അറിയിച്ചിരുന്നു. 624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബിഎച്ച്പി കരുത്തും 51 എന്‍എം ടോര്‍ക്കുമാണ് എന്ജിന് ഉത്പാദിപ്പിച്ചിരുന്നത്. നാല് സ്പീഡ് ട്രാന്സ്മിഷനില് നല്‍കിയിരുന്ന ഈ വാഹനം 22 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്തിരുന്നത്. നിര്‍മാണം അവസാനിപ്പിച്ചതാണ് ടാറ്റ നാനോയുടെ വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ഉത്പാദനം അവസാനിപ്പിക്കുന്നതായി ടാറ്റ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.






