
കൊച്ചി: സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് കരാര്‍ നല്‍കേണ്ട കമ്പനികളെ തീരുമാനിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് തിരഞ്ഞെടുത്തത്. മരട് സഗരസഭയില്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
മൂന്ന് കമ്പനികളായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. നാളെ നടക്കുന്ന നഗരസഭ കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കണം. അതേസമയം ഫ്ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ അറിയിച്ചു.
നിലവാരം പരിശോധിച്ച ശേഷമാണ് കമ്പനികളെ തിരഞ്ഞെടുത്തിരിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്ളാറ്റുകള്‍ പൊളിക്കും. ഫ്ളാറ്റുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ മാത്രമേ പൊടിപടലങ്ങളുണ്ടാകൂ. കമ്പനികളോട് ഫ്ളാറ്റ് പൊളിക്കുന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
കളക്ടര്‍ ഇന്‍ഡോറില്‍ നിന്നെത്തിയ ശരത് ബി. സര്വാതെയുമായും സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷമാണ് കളക്ടര്‍ ഉള്‍പ്പെടെ ഈ സംഘം ഫ്ളാറ്റില്‍ പരിശോധന നടത്തിയത്. ഇതിനിടെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.






