
തിരുവനന്തപുരം : കൂടത്തായി മോഡലില്‍ തിരുവനന്തപുരത്തും കല്ലറ തുറന്ന് പരിശോധന. ഭരതന്നൂരിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തിലാണ് അന്വേഷണം.
10 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിന്റെ മൃതദേഹമാണ് മരണം കൊലപാതകമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. തിങ്കളാഴ്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടവും ഫോറന്‍സിക് പരിശോധനയും നടത്താനാണ് തീരുമാനം.
ഭരതന്നൂരില്‍ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും നട്ടെല്ലിനും ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 2009 ഏപ്രില്‍ അഞ്ചിന് പാലു വാങ്ങാനായി അടുത്തുള്ള കടയിലേയ്ക്ക് പോയ ആദര്‍ശിനെ വഴിയരുകിലുള്ള കുളത്തില്‍ മരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്.
മുങ്ങി മരണമെന്ന് ആദ്യം വിധി എഴുതിയ കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് പരാതി ഉയരുന്നത്. മകനെ വെള്ളത്തില്‍ നിന്നും വാരിയെടുക്കുമ്പോള്‍ അവന്റെ കഴുത്ത് ആടുകയായിരുന്നുവെന്ന് ആദര്‍ശിന്റെ അമ്മ പറയുന്നു.
വെള്ളത്തില്‍ മുങ്ങി മരിച്ചതെന്ന് പറയുന്ന കുട്ടിയുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നില്ല. അതുതന്നെ മുങ്ങിമരണമെന്ന വാദം തള്ളുന്നതാണ്. മറ്റൊന്ന് കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും അന്ന് ബീജവും രക്തക്കറയും കണ്ടെത്തിയിരുന്നു. കുട്ടി കൊല്ലപ്പെട്ട ദിവസം നല്ല മഴയായിരുന്നിട്ടും കുളക്കരയില്‍ നിന്നു ലടിച്ച മടക്കിയ നിലയിലുള്ള വസ്ത്രം നനഞ്ഞിരുന്നില്ല.
കൂടത്തായി വിഷയം സജീവമായതോടെയാണ് 10 വര്‍ഷം മുന്‍പുള്ള ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന അടക്കം നടത്തി കൊലപാതകിയിലേയ്ക്ക് എത്തിച്ചേരാമെന്ന നിഗമനത്തിലാണ് പോലീസ്.






