
ഒരു കാലത്തെ മലയാളി പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കിയ നായകനായിരുന്നു കുഞ്ചാക്കോ ബോബന്. അന്ന് തനിക്ക് രക്തത്തില്‍ എഴുതിയ പ്രണയലേഖനങ്ങള്‍ വരെ കിട്ടിയിരുന്നതായി ചാക്കോച്ചന് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും താരത്തിന് കത്തുകള്‍ ലഭിക്കാറുണ്ട് അത്തരത്തില്‍ ഒരു കത്ത് താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.
'ലോക തപാല്‍ ദിനത്തില്‍ ഈ ഛോട്ടാ എനിക്ക് തപാല്‍ വഴി അയച്ച കത്താണിത്' എന്നു പറഞ്ഞാണ് കുഞ്ചാക്കോ ബോബന് കീര്‍ത്തന എന്ന കുഞ്ഞ് ആരാധികയുടെ കത്തും താരത്തിന്റെ മറുപടിക്കത്തും ഫേസ്ബുക്കിലിട്ടത്. 'ഈ പോസ്റ്റല്‍ ദിനത്തില്‍, ഈ ഛോട്ടാ എനിക്ക് തപാലിലൊരു കത്തയച്ചു. താങ്ക്യൂ കീര്‍ത്തിക്കുട്ടി, ഈ സുന്ദരമായ കത്തിന് ആശംസകള്‍ക്ക്'....'
കീര്‍ത്തനയുടെ കത്തിന്റെ പൂര്‍ണ രൂപം
ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന് സര് അറിയുന്നതിന്, ഞാന്‍ അയ്യപ്പന്‍കോവില്‍ ഗവണ്മെന്റ് എല്‍.പി.സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അങ്ങേയ്ക്ക് ഒരു കത്തെഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു....
എന്ന്, കീര്‍ത്തന
ആ കത്തിന് സ്വന്തം കൈപ്പടയില്‍ ചാക്കോച്ചന്റെ മറുപടി ഇങ്ങനെ
പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്തു കിട്ടി. സ്നേഹത്തിനും ആശംസകയ്ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്കൂളിലും ഉളള എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക..എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
സ്നേഹത്തോടെ,
കുഞ്ചാക്കോ ബോബന്






