
കൊച്ചി: കനത്ത മഴ െതുടര്‍ന്ന് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം കലക്ടറുടെ ഫേസ്ബുക്ക് പേജിലാണ് അവധി അറിയിപ്പ് വന്നത്.
പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളില്‍ 8300 പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരത്തോളം പേര് കമന്റുമായി പേജിലെത്തി. 1200 പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.
കലക്ടര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് കമന്റുകളില്‍ ഏറെയും. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, രക്ഷിതാക്കളും കലക്ടര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നു. 'വീണ്ടും അവധിയുടെ പൂക്കാലമൊരുക്കി തന്ന പ്രിയപ്പെട്ട കലക്ടര്‍ സാറിന് അഭിവാദ്യങ്ങളെന്ന്' ഒരുപറ്റം ആരാധകര്‍ പറയുമ്പോള്‍ വിജയ് ചിത്രം ബിഗില്‍ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ച ഒരു അവധി തരാന്‍ പറ്റുമോ എന്നും ചില വിരുതന്മാര് ചോദിക്കുന്നുണ്ട്.
സാറിന് വലിയ മനസ്സുണ്ടെന്നാണ് ഒരു ആരാധകന്റെ മറുപടി. പഠനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവധിയെന്നു കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണെന്നാണ് മറ്റൊരാളുടെ കമന്റ്.
പ്രൊഫഷണല്‍ കോളജ് പിള്ളേരേയും മനുഷ്യക്കുഞ്ഞുങ്ങളായി കണ്ട കലക്ടര്‍ സാറിന് അഭിവാദ്യങ്ങളെന്നാണ് ഒരുവന്റെ മാസ് മറുപടി. അവധി കിട്ടാത്ത ജില്ലകളില്‍ ചിലര്‍ ഇടയ്ക്ക് നിരാശയും പ്രകടിപ്പിക്കുന്നുണ്ട്. ഇവിടെ ഇടുക്കിയിലും ഒരു കലക്ടര്‍ ഉണ്ടെന്നും തൃശൂരിലെ കലക്ടറോട് ഒന്ന് വിളിച്ചുപറയാമോ എന്നും ഇവര്‍ ചോദിക്കുന്നു.
കഴിഞ്ഞ പ്രളയ നാളുകളില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സമയങ്ങളില്‍ തുടര്‍ച്ചയായി അവധി പ്രഖ്യാപിച്ചതോടെയാണ് എറണാകുളം കലക്ടര്‍ വിദ്യാര്‍ത്ഥികളുടെ ആരാധനാപാത്രമായത്്.






