
ന്യൂഡല്‍ഹി: രാജ്പഥ് നവീകരിക്കാനുള്ള കരാര്‍ അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയ്ക്ക്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈന്‍ ആന്‍ഡ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് പ്രൈവറ്റ് കമ്പനിയ്ക്കാണ് കരാര്‍ നല്‍കിയത്. രാഷ്ട്രപതി ഭവന് മുതല്‍ വിജയ്ചൗക്ക് വഴിയുള്ള ഇന്ത്യാഗേറ്റ് ഭാഗം ഉള്‍ക്കൊള്ളുന്ന നാല് കിലോമീറ്ററോളം വരുന്ന പ്രദേശം പൂര്‍ണമായും നവീകരിക്കും.
രാജ്പഥിന്റെ നവീകരണം, 2020ഓടുകൂടി പാര്‍ലമെന്റ് ഹൗസിന്റെ പുനരുദ്ധാരണം അതല്ലെങ്കില്‍ പുതിയ കെട്ടിട നിര്‍മ്മാണം, ഇവയോടനുബന്ധിച്ച ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
പദ്ധതിയുടെ കരാര്‍ നല്കാന് 15ഓളം ആര്‍ക്കിടെക്ടുമാരെ സര്‍ക്കാര്‍ പ്രതിനിധികള്‍ കണ്ട് 24 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഐ.എന്‍.ഐ ഡിസൈന്‍ സ്റ്റുഡിയോ അഹമ്മദാബാദ് സിപി കുക്രജ ആര്‍കിടെക്ട്സ് എന്നിവരുടെ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ എച്ച്സ്പിയ്ക്ക് കരാര്‍ നല്കാന് തീരുമാനിക്കുകയായിരുന്നു.
രാജ്പഥ്, പാര്‍ലമെന്റ്, പരിസരങ്ങള്‍ എന്നിവയുടെ നവീകരണ ചുമതല എച്ച്സിപി കമ്പനിയ്ക്കായിരിക്കും.' കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. 75-ാം സ്വാതന്ത്ര്യ ദിവസം ആഘോഷിക്കുന്ന 2022ല്‍ പുതിയ ഒരു പാര്‍ലമെന്റ് എന്നതും ആലോചനയിലുണ്ട്. 1911,1931 കാലഘട്ടത്തില്‍ പണിതതാണ് ഈ മേഖലയിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളെല്ലാം.






