ന്യുഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നോട്ടയ്ക്ക് പിന്നിലായി ആം ആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും നേടാനാവാതെ ദയനീയ പ്രകടനമാണ് പാര്‍ട്ടി കാഴ്ചവച്ചത്. ഹരിയാനയില്‍ 90ല്‍ 40 സീറ്റുകളിലും മഹാരാഷ്ട്രയില്‍ 288ല്‍ 24 സീറ്റിലുമാണ് എ.എ.പി മത്സരിച്ചത്. ഒരു സ്ഥാനാര്‍ത്ഥിക്കും ആയിരം വോട്ട് തികച്ച് നേടാനായില്ല.
ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ 0.48 വോട്ടാണ് നേടാനായത്. ഇവിടെ നോട്ടയ്ക്ക് 0.53 ശതമാനം വോട്ട് ലഭിച്ചു. മഹാരാഷ്ട്രയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 0.11 വോട്ടും നോട്ടയ്ക്ക് 1.37 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ജെ.ജെ.പിയുമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം അവസാനിപ്പിക്കുകയായിരുന്നു.






