ഛണ്ഡിഗഡ്: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗോപാല്‍ കാണ്ഡയുടെ പിന്തുണ തേടില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദ്. കാണ്ഡയുടെ പിന്തുണ തേടില്ലെന്ന് കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ബി.ജെ.പിക്ക് ഉപാധിരഹിത പിന്തുണ നല്‍കുമെന്ന് കാണ്ഡ വ്യക്തമാക്കിയിരുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ ബി.ജെ.പിക്ക് 40 സീറ്റ് മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് ആറ് സീറ്റിന്റെ കുറവ്. ഇതോടെയാണ് സ്വതന്ത്രരുടെയും ഗോപാല്‍ കാണ്ഡയുടെയും പിന്തുണ തേടാന്‍ ബി.ജെ.പി തീരുമാനിച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയില്‍ എയര്‍ ഹോസ്റ്റസ് ഗീതിക ശര്‍മ്മയുടെ ആത്മഹത്യയും സാമ്പത്തിക തട്ടിപ്പും അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗോപാല്‍ കാണ്ഡ. ഇയാളുടെ പിന്തുണ തേടാനുള്ള നീക്കത്തിനെതിരെ ബി.ജെ.പിക്കുള്ളിലും പുറത്തും വിമര്‍ശനം കടുത്തതോടെയാണ് പിന്തുണ തേടാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞത്.
2012ല്‍ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് ഗോപാല്‍ കാണ്ഡയുടെ വിമാനക്കമ്പനിയില്‍ എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസില്‍ ഇയാള്‍ പ്രതിയാകുന്നത്. അന്ന് കാണ്ഡയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനും കേസെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെയും നിരവധി പ്രക്ഷോഭങ്ങള്‍ തന്നെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞതോടെ ബി.ജെ.പി ആദ്യം പിന്തുണ തേടിയത് ഗോപാല്‍ കാണ്ഡയില്‍ നിന്നായിരുന്നു. ഇതിനെതിരെ ഉമാ ഭാരതി അടക്കം രംഗത്ത് വന്നതോടെയാണ് നിലപാട് മാറ്റിയത്.






