
കണ്ണൂര്‍: അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രിക്കെതിരേ കേസ്. കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബന്ധുക്കള്‍. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ആശുപത്രിയില്‍ എത്തും. മാനേജ്‌മെന്റിനെയും പ്രതി ചേര്‍ക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കൊലപാതകക്കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടു. മുഖ്യമരന്തിക്കും ആഭ്യന്തരമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ഡോക്ടര്‍ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തിരുന്നു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ ഏകമകനാണ് ദേവാന്‍ഷ്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഒന്നര വയസുകാരന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത്. രക്തസമ്മര്‍ദം സന്തുലിതമാകാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.
സാധ്യമാകുന്ന പരമാവധി ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് ആശുപത്രി പ്രതികരിച്ചത്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനസ്‌തേഷ്യ നല്‍കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാലു ദിവസം മുന്‍പാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞ് മുറ്റത്ത് വീണ് പരുക്കേറ്റത്.
മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത്. ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമായി. വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം കുഞ്ഞിനെ ഇതേ ആശുപത്രിയിലെ തന്നെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത് എന്നാല്‍ അതിനുശേഷം പ്ലാസ്റ്റിക്ക് സര്‍ജനെ കാണിക്കുകയും കുഞ്ഞ് ബഹളം വെച്ചതിനാല്‍ സര്‍ജന്‍ അനസ്‌തേഷ്യ നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.






