
തിരുവനന്തപുരം: എഫ്‌സിആര്‍എ ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണെന്നും ഇത്് ഒരു മതത്തിനും വിഭാഗത്തിനും എതിരല്ലെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. ഇക്കാര്യം കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയു മായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിബിസിഐയ്ക്കും ക്രൈസ്തവ സമൂഹത്തിനും ബോദ്ധ്യപ്പെട്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ആഭ്യന്തര സെക്രട്ടറി, എഫ്.സി.ആര്‍.എ ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഔദ്യോഗികസംഘം സഭാനേതൃത്വ വുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. സിബിസിഐ നേതൃത്വം ഉന്നയിച്ച ആശങ്കകള്‍ ക്ഷമയോടെ കേള്‍ക്കുകയും എഫ്‌സിആര്‍എ ഭേദഗതികളെക്കുറിച്ച് വിശദമായ വിശദീകരണം നല്‍കുകയും ചെയ്തു. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയും ആശങ്കകള്‍ ദൂരീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസും സിപിഎമ്മും മാസങ്ങളായി പ്രചരിപ്പിച്ച നുണകളും പടര്‍ത്തിയ ഭീതിയും ഈ ഒരൊറ്റ ചര്‍ച്ചയിലൂടെ ഇല്ലാതായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ച തൃപ്തികരമാണെന്നും കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി വ്യക്തതയോടെ തങ്ങള്‍ക്ക് വിവരിച്ചു തന്നിരുന്നതായും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതായും സിബിസിഐ ഡപ്യൂട്ടിജനറല്‍ മാത്യുകോയിക്കല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ത്യയില്‍ വരുന്ന എഫ്‌സിആര്‍ഐ ഫണ്ടുകളുടെ കാര്യത്തില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് ക്രിസ്ത്യാനികള്‍ക്ക് ഉള്ളതെന്നും ബില്‍ ഒരു തരത്തിലും രാജ്യത്തെ ക്രൈസ്തവര്‍ക്ക് എതിരല്ലെന്നും അമിത്ഷാ പറഞ്ഞതായി മാത്യു കോയിക്കല്‍ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സിബിസിഐ നേതൃത്വം ഉന്നയിച്ച ആശങ്കകള്‍ ക്ഷമയോടെ കേള്‍ക്കുകയും എഫ്‌സിആര്‍എ ഭേദഗതികളെക്കുറിച്ച് വിശദമായ വിശദീകരണം നല്‍കുകയും ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ ജിക്ക് ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. തുടക്കം മുതല്‍ ഞാന്‍ പറയുന്നതുപോലെ, എല്ലാ ആശങ്കകളും പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് വഴിതുറക്കാന്‍ ബി.ജെ.പി/എന്‍.ഡി.എയും ഞാനും എപ്പോഴും തയ്യാറാണ്.
2010-ല്‍ യുപിഎ സര്‍ക്കാരാണ് എഫ്.സി.ആര്‍.എ നിയമം കൊണ്ടുവന്നത്. നിലവിലെ സര്‍ക്കാര്‍ ആ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുക മാത്രമാണ് ചെയ്തത്. പുതിയ ഭേദഗതികള്‍ക്ക് മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ആസ്തികളെ സംബന്ധിച്ച പ്രധാന ആശങ്ക ഇതോടെ പരിഹരിക്കപ്പെട്ടു. ആഭ്യന്തര സെക്രട്ടറി, എഫ്.സി.ആര്‍.എ ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഔദ്യോഗിക സംഘം സഭാനേതൃത്വവുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുകയും ആശങ്കകള്‍ ദൂരീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസും സിപിഎമ്മും മാസങ്ങളായി പ്രചരിപ്പിച്ച നുണകളും പടര്‍ത്തിയ ഭീതിയും ഈ ഒരൊറ്റ ചര്‍ച്ചയിലൂടെ ഇല്ലാതായി.
സുതാര്യതയും പരസ്പര ബഹുമാനവുമുള്ള ചര്‍ച്ചകളിലൂടെയാണ് മികച്ച ഭരണം സാധ്യമാകുന്നത്.
എഫ്‌സിആര്‍എ ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ്. ഇത് ഒരു മതത്തിനും വിഭാഗത്തിനും എതിരല്ല എന്ന് ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. ക്രിയാത്മകമായി സഹകരിച്ച സിബിസിഐ നേതൃത്വത്തിനും, വ്യക്തതയോടും ആദരവോടും കൂടി പ്രതികരിച്ച കേന്ദ്ര സര്‍ക്കാരിനും നന്ദി.






