
ന്യൂഡല്‍ഹി: ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഡല്‍ഹിയുടെ അന്തരീക്ഷം അപകടമായ വിധത്തില്‍ പുകപടലങ്ങളില്‍ മുങ്ങി. കരിമരുന്ന് പ്രയോഗത്തെ തുടര്‍ന്ന് കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും വിഷമയമായ പുകയും ചാരവും തലസ്ഥാന നഗരത്തിന്റെ പല ഭാഗത്തും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ തോതില്‍ ഉയര്‍ത്തി. കരിമരുന്ന് പ്രയോഗത്തിന് സുപ്രീം കോടതി അനുവദിച്ച രണ്ടു മണിക്കൂര്‍ സമയപരിധി പലഭാഗത്തും ലംഘിക്കപ്പെട്ടു.
മാളവിയ നഗര്‍, ലജ്പത് നഗര്‍, കൈലാഷ് ഹില്‍സ്, ബുരാരി, ജങ്പുര, സഹ്ദാര, ലക്ഷ്മി നഗര്‍, മയൂര്‍ വിഹാര്‍, സരിത വിഹാര്‍, ഹരി നഗര്‍, ന്യൂ ഫ്രണ്ട്സ് കോളജി, ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സമയപരിധി ലംഘിച്ചും കരിമരുന്ന് പ്രയോഗം നടന്നു. നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിലും സമയപിരിധി കഴിഞ്ഞും കരിമരുന്ന് പ്രയോഗം നീണ്ടു.
തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് ഡല്‍ഹിയിലെ അന്തരീക്ഷ വായു മലനീകരണ തോത് സൂചിക 506ല്‍ എത്തിയെന്ന് സര്‍ക്കാരിന്റെ അന്തരീക്ഷവായു നിലവാര സൂചിക വ്യക്തമാക്കുന്നു. പുലര്‍ച്ചെ നാല മണിയോടെ ഇത് 999 ആയിരുന്നു. അതേസമയം, കൊല്‍ക്കൊത്തയില്‍ അന്തരീക്ഷ മലിനീകരണ തോത് മിതമായ നിലയില്‍ ആയിരുന്നുവെന്നും മുംബൈയിലെ തോത് രാവിലെ ഏഴുമണിക്ക് 132 മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 ആണ് ഏറ്റവും ആരോഗ്യകരമായി കണക്കാക്കുന്നത്. 51-100 തൃപ്തികരവും 101-200 മിതവും 201-300 മോശവും അവസ്ഥയായാണ് കണക്കുന്നത്. 301-400 വളരെ മോശം, 401-500 ഗുരുതരം, 500 നു മുകളില്‍ അതീവ ഗുതുരമായ അടിയന്തര സാഹചര്യ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ സ്ഥാപിച്ചിരിക്കുന്ന 37 എയര്‍ ക്വാളിറ്റി നിരീക്ഷണ കേന്ദ്രങ്ങളില്‍ 25 ഇടത്തും വളരെ മോശമോ അതിനപ്പുറമോ ആയ അവസ്ഥയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് 600 കടന്നിരുന്നു. 2017ല്‍ ദീപാവലിക്കു ശേഷം ഇത് 367 ആയിരുന്നു.






