
തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു.ഡി.എഫ്. അടുത്ത മാസം അഞ്ചിന് പാലക്കാട് ജില്ലയിലാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രതികളെ സി.പി.എം സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടതിനു പിന്നാലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ബോധപൂര്‍വ്വമായ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേസില്‍ പുനരന്വേഷം വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
അതേസമയം സംഭവത്തില്‍ സി.ബി.ഐ അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള പ്രതിപക്ഷ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഇടപെട്ട് കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ല. കീഴ്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കേസ് വാദിക്കാന്‍ വക്കീലിനെ നിയോഗിക്കും. കേസില്‍ പോലീസിന് വീഴച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






