
തൃശൂര്‍: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട വിഷയം കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കെ ഇടതുപക്ഷത്തിന്റെ യുവജന പ്രസ്ഥാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ലുക്കൗട്ട് നോട്ടീസ്. വാളയാര്‍ വിഷയത്തില്‍ ശബ്ദിക്കാത്തതിന്റെ പേരില്‍ ഡിവൈഎഫ്ഐ യ്ക്കെതിരേ തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചു.
ഡിവൈഎഫ്ഐ യുടെ ആരേയും കുറച്ചു ദിവസമായി കാണാനില്ലെന്നും ഡിവൈഎഫ്ഐ നേതാക്കളെ കണ്ടു കിട്ടിയാല്‍ എ കെ ജി സെന്ററില്‍ അറിയിക്കാനുമാണ് നോട്ടീസില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. ഉഗാണ്ട, പോളണ്ട് , ചെക്കോസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ എന്തു നടന്നാലും ഉടന്‍ പ്രതികരിക്കുന്ന ഡിവൈഎഫ്ഐ ഇപ്പോള്‍ എന്താണ് മിണ്ടാത്തതെന്നാണ് നോട്ടീസില്‍ യൂത്ത് കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്.






